
പാലക്കാട്. ചെർപ്പുളശ്ശേരി ഗവണ്‍മെൻ്റ് വെക്കേഷണല്‍ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതില്‍ തകർന്നു വീണു. ആറു മാസം മുമ്പ് പണിത മതിലാണ് തകർന്നു വീണത്. പണി തീർന്നതിനുശേഷം മൂന്നാം തവണയാണ് മതില്‍ ഇടിഞ്ഞു വീഴുന്നത്. ചെർപ്പുളശ്ശേരി നഗരസഭ 6.5 ലക്ഷം രൂപ മുടക്കിയാണ് മതില്‍ പുതുക്കി പണിതത്. കഴിഞ്ഞ മഴക്കാലത്തും ഇതേ മതിലിൻ്റെ ഒരു ഭാഗം തകർന്നു വീണിരുന്നു.
നിർമ്മാണത്തിലുണ്ടായ അശാസ്ത്രീയതയാണ് മതില്‍ തകർന്നു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുകളിലെ റോഡില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം പോകാൻ സംവിധാനമില്ലെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറില്‍ പരം കാല്‍നടയാത്രക്കാർ ദിവസേന യാത്ര ചെയ്യുന്ന റോഡാണിത്. സംഭവ സമയത്ത് ആളുകള്‍ റോഡില്‍ ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

Leave a Reply