
തൃശ്ശൂർ. ജില്ലയിൽ പൊതുജനങ്ങൾക്കായി ഒരുക്കിയ സെൽഫ് എന്യുമറേഷൻ സംവിധാനത്തിന് വൻ സ്വീകാര്യത. ജില്ലയിൽ ഇതുവരെ പതിനായിരത്തിലധികം പേർ ഓൺലൈൻ വഴി സെൽഫ് എന്യുമറേഷൻ പൂർത്തീകരിച്ചു. കലാകാരനും ശിൽപിയും ഗിന്നസ് റെക്കോർഡ് ജേതാവുമായ ഡാവിഞ്ചി സുരേഷ്, സിനിമാ താരവും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ തുടങ്ങിയവരും സെൻസസിന്റെ ഭാഗമായി സെൽഫ് എന്യുമറേഷൻ പൂർത്തിയാക്കി.
പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യുമറേഷൻ സംവിധാനം https://se.census.gov.in എന്ന വെബ്‌സൈറ്റ് വഴി ജൂൺ 30 വരെ ലഭ്യമാണ്. ജൂലൈ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി എന്യുമറേറ്റർമാർ വീടുകൾ സന്ദർശിക്കും.
സെൻസസിന്റെ ഒന്നാം ഭവനപ്പട്ടിക തയ്യാറാക്കലുമായി ബന്ധപ്പെട്ട് വീടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് പൊതുജനങ്ങൾ പ്രധാനമായും നൽകേണ്ടത്. വ്യക്തികൾ നിലവിൽ താമസിക്കുന്നത് വാടകവീടുകളിലാണെങ്കിൽ പോലും ആ വീടിന്റെ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. ഒരു കുടുംബത്തിൽ നിന്നും ഉത്തരവാദിത്തപ്പെട്ട ഒരാൾ വിവരങ്ങൾ നൽകിയാൽ മതി.
സെൽഫ് എന്യുമറേഷൻ ചെയ്യുമ്പോൾ ലഭിക്കുന്ന ‘H’ൽ തുടങ്ങുന്ന എസ്ഇ ഐഡി വീടുകൾ സന്ദർശിക്കുന്ന വേളയിൽ എന്യുമറേറ്റർമാർക്ക് നൽകണം. പൊതുജനങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് എന്യുമറേറ്റർമാർ വിവരങ്ങൾ സ്ഥിരീകരിക്കുന്നത്. സ്മാർട്ട് ഫോൺ ഇല്ലാത്തവരും പ്രായമായവരും എന്യുമറേറ്റർമാർ വീടുകൾ സന്ദർശിക്കുന്ന സമയത്ത് വിവരങ്ങൾ നൽകിയാൽ മതിയാകും.

Leave a Reply