
തൃശൂർ. വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഗുണ്ട് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത പ്രതി പിടിയിൽ. ചിയ്യാരം സ്വദേശി കുട്ടി സഞ്ചു എന്ന സഞ്ചയ് നിക്‌സണെയാണ് വെസ്റ്റ് പോലീസ് പിടികൂടിയത്.
തൂഫാൻ ഡ്യൂട്ടിക്ക് ഇറങ്ങിയതായിരുന്നു പോലീസുകാർ. ഇതിനിടെ ശിവരാമപുരം ഉന്നതിയിൽ ഒരാൾ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാർക്കുനേരെ പ്രതി ഗുണ്ട് കത്തിച്ച് എറിയുകയും പെപ്പർ സ്‌പ്രേ അടിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടോണി തരകൻ, സത്യജിത്ത്, സിവിൽ പോലീസ് ഓഫീസർ വിനീഷ് ഭരതൻ എന്നിവർക്കാണ് പരിക്കേറ്റത്.
പോലീസുകാർക്കെതിരേ എറിഞ്ഞ ഗുണ്ട് റോഡിലെ വെള്ളത്തിൽ വീണതിനാൽ വലിയൊരു അപകടം ഒഴിവായി. പിന്നീട് സ്‌റ്റേഷനിൽനിന്നും കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ പ്രതിക്ക് ഒല്ലൂർ, ടൗൺ ഈസ്റ്റ് എന്നീ പോലീസ് സ്‌റ്റേഷനുകളിലായി നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് വ്യക്തമായി. കോടിതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply