
മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ വടക്കുഞ്ചേരി മേൽപ്പാലത്തിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് റോഡ് സേഫ്റ്റി ബാരിയർ കാറിന് മുകളിൽ വീണ് അപകടം. പ്ലാസ്റ്റിക് ബാരിയർ കാറ്റിൽ പറന്നുവരുന്നത് കണ്ട് കാർ പെട്ടെന്ന് നിർത്താൻ ശ്രമിക്കുന്നതിനിടെ പിന്നാലെ എത്തിയ പിക്കപ്പ് വാൻ കാറിന് പിന്നിലും ഇടിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് സ്‌കേറ്റിങ് താരങ്ങൾക്ക് പരിക്കേറ്റു.
ദേശീയ താരമായ അനയ അനീഷ് (15), അമിയ (12) എന്നിവർക്കാണ് പരുക്കേറ്റത്. കാറോടിച്ച അമിയയുടെ അമ്മയും മറ്റ് രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. തിരുപ്പൂരിൽ സ്‌കേറ്റിങ് പരിശീലനം കഴിഞ്ഞ് എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു ഇവർ. സുമി ജോയിയാണ് കാറോടിച്ചിരുന്നത്. കാറ്റിൽ ഡിവൈഡർ പറന്നുവരുന്നത് കണ്ട് ഭയന്ന് പെട്ടെന്നു കാർ നിർത്തിയെങ്കിലും ഡിവൈഡർ കാറിനു മുകളിൽ വീഴുകയായിരുന്നെന്ന് സുമി ജോയി പറഞ്ഞു. ഡിവൈഡർ അപകടത്തിനിടയാക്കിയത് ചൂണ്ടിക്കാട്ടി സുമി ജോയി ദേശീയപാതാ അതോറിറ്റിക്കെതിരേ വടക്കുഞ്ചേരി പോലീസിൽ പരാതി നൽകി. പരുക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് ദിശയിലേക്കുള്ള മേൽപ്പാലത്തിൽ ജോയിന്റുകൾ കുത്തിപ്പൊളിച്ച് നന്നാക്കുന്ന ജോലി നടക്കുന്നുണ്ട്. ഇതേത്തുടർന്നാണ് തൃശ്ശൂർ ദിശയിലേക്കുള്ള പാലത്തിൽ ഡിവൈഡറുകൾ വെച്ച് ഇരുഭാഗത്തേക്കും ഗതാഗതം ക്രമീകരിച്ചിട്ടുള്ളത്. ഡിവൈഡറുകൾ തമ്മിൽ കയർ കെട്ടി ബന്ധിപ്പിച്ചിരുന്നെങ്കിലും ഭാരമില്ലാത്തതിനാൽ കാറ്റിൽ പറക്കുകയായിരുന്നു.
പ്ലാസ്റ്റിക് ഡിവൈഡറുകൾ സ്ഥാപിക്കുമ്പോൾ ഭാരത്തിനായി ഉള്ളിൽ വെള്ളമോ മണലോ നിറയ്ക്കാറുണ്ട്. എന്നാൽ വടക്കഞ്ചേരി മേൽപ്പാലത്തിലെ ഡിവൈഡറിൽ ഒന്നിൽപ്പോലും ഇതില്ല. പാതയിൽ മതിയായ സുരക്ഷാ സംവിധാനമൊരുക്കണമെന്ന് ദേശീയപാതയുടെ പരിപാലന ചുമതലയുള്ള കരാർ കമ്പനിയോട് വടക്കുഞ്ചേരി പോലീസ് ആവശ്യപ്പെട്ടു.

Leave a Reply