
തിരുവനന്തപുരം. സെൻസസ് 2027ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള ‘സെൽഫ് എനുമറേഷൻ’ സൗകര്യം നാളെ (ജൂൺ 30) അവസാനിക്കും. മൊബൈൽ ഫോണിന്റെ സഹായത്തോടെ തന്നെ സെൽഫ് എനുമറേഷൻ പൂർത്തിയാക്കാവുന്നതാണ്. രണ്ട് ഘട്ടങ്ങളിലായുള്ള സെൻസസ് നടപടിക്രമത്തിൽ, ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് നടത്തുക. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്.
സംസ്ഥാനത്ത് 2026 ജൂലൈ 1 മുതൽ ജൂലൈ 30 വരെയാണ് ഒന്നാംഘട്ട സെൻസസ് നടപടികൾ നടക്കുക. ഈ ഘട്ടത്തിൽ എനുമറേറ്റർമാർ ഓരോ ‘വീടുപട്ടിക ബ്ലോക്കി’ലെയും കെട്ടിടങ്ങളും പ്രധാന ലാൻഡ്മാർക്കുകളും ഉൾപ്പെടുത്തി ഒരു ലേഔട്ട് മാപ്പ് തയ്യാറാക്കുകയും, മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ഒരു വീടുപട്ടിക ബ്ലോക്ക് എന്നത് 700 മുതൽ 800 വരെ ജനസംഖ്യയുള്ള ഒരു പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി വാർഡിന്റെ ഭാഗമാണ്. വരിനമ്പർ ഉൾപ്പെടെ ആകെ 34 ചോദ്യങ്ങളാണ് ഒന്നാം ഘട്ട സെൻസസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എനുമറേറ്റർമാർ വീടുകളിൽ എത്തുന്നതിന് മുൻപ് തന്നെ കുടുംബനാഥനോ പ്രായപൂർത്തിയായ മറ്റ് അംഗങ്ങൾക്കോ ഓൺലൈൻ പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കാം.

Leave a Reply