
തിരുവനന്തപുരം: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയിൽ ചുവന്നമണ്ണ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ചുവന്നമണ്ണ് പ്രദേശത്തെ ജനങ്ങൾ നേരിടുന്ന രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന കെ. രാജൻ എം.എൽ.എയുടെ ആവശ്യത്തെ തുടർന്നാണ് മന്ത്രിയുടെ ഓഫീസിൽ യോഗം ചേർന്നത്.
ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി എൻ.എച്ച്.എ.ഐ റീജിയണൽ ഓഫീസറും ജില്ലാ കളക്ടറും സംയുക്തമായി സ്ഥലത്ത് നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി നിർദേശിച്ചു. പ്രദേശത്ത് അടിയന്തര സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വഴിവിളക്കുകൾ, മുന്നറിയിപ്പ് ബോർഡുകൾ, സിഗ്‌നലുകൾ, വേഗത നിയന്ത്രണ സംവിധാനങ്ങൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സർവീസ് റോഡ് പൂർത്തിയാകുന്നതുവരെ നിലവിൽ സ്ഥാപിച്ചിട്ടുള്ള ഡിവൈഡർ നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്ത് ജനങ്ങളുടെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കെ. രാജൻ എം.എൽ.എ ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഡോ. അഡേല അബ്ദുള്ള, അഡീഷണൽ സെക്രട്ടറി വിനോദ്, തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply