
തൃശൂർ: കേരളത്തിന് അർഹമായ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്, ജിഎസ്ടിയുമായി ബന്ധപ്പെട്ട കുടിശ്ശികകൾ, കേന്ദ്ര നികുതി വിഹിതം, വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്രവിഹിതം എന്നിവ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് മുൻപാകെ യുഡിഎഫ് പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വലക്കാവ് ഡിവിഷൻ മെമ്പർ കെ.സി അഭിലാഷ് ആണ് പ്രമേയം അവതരിപ്പിച്ചത്. മരോട്ടിച്ചാൽ ഡിവിഷൻ മെമ്പർ ടി.കെ ശ്രീനിവാസൻ പ്രമേയത്തെ പിന്താങ്ങി. ഭരണ പ്രതിപക്ഷ മെമ്പർമാർ പ്രമേയം ഐക്യകണ്‌ഠേന പാസാക്കി.
കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ജനക്ഷേമവികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് അർഹമായ കേന്ദ്ര ധനവിഹിതങ്ങൾ സമയബന്ധിതമായി ലഭ്യമാകേണ്ടത് അനിവാര്യമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.സി അഭിലാഷ് ചൂണ്ടിക്കാട്ടി. ധനകാര്യ കമ്മീഷൻ ശുപാർശകൾ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട റവന്യൂ ഡെഫിസിറ്റ് ഗ്രാന്റും മറ്റ് നിയമാനുസൃത കേന്ദ്ര ധനവിഹിതങ്ങളും വൈകുന്നത് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെയും തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതായി പ്രമേയത്തിൽ പറയുന്നു.
പ്രമേയത്തിന്റെ പകർപ്പ് പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി, കേരള മുഖ്യമന്ത്രി, കേരള ധനമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, തൃശൂർ ജില്ലാ കളക്ടർ എന്നിവർക്ക് അടിയന്തര നടപടികൾക്കായി അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മാത്യു നൈനാൻ, പി എസ് സുരേഷ് ബാബു, ബിന്ദു കാട്ടുങ്ങൽ, കെ എ അബൂബക്കർ, പ്രിൻസി അക്കരപ്പുറം, അഖിൽ എന്നിവർ പ്രേമേയത്തെ പിന്തുണച്ച് സംസാരിച്ചു.

Leave a Reply