കാട്ടാനശല്യം രൂക്ഷം; തൂക്കുവേലിയും കിടങ്ങുകളും സ്ഥാപിക്കാൻ പുതിയ പദ്ധതി തയ്യാറാക്കണം

തൃശൂർ: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാണിയംപാറ, വഴുക്കുംപാറ, തോണിക്കൽ, ഉറവുമ്പാടം, മയിലാട്ടുംപാറ, പീച്ചി, തെക്കേകുളം  ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിൽ രൂക്ഷമായ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി തൂക്കുവേലികളും കിടങ്ങുകളും ഉൾപ്പെടെയുള്ള ശാസ്ത്രീയ വന്യജീവി പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി പുതിയ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി. ജനറൽ സെക്രട്ടറി കെ.സി. അഭിലാഷിന്റെയും, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം പൗലോസിന്റെയും നേതൃത്വത്തിൽ തൃശൂർ ജില്ലാ ഫോറസ്റ്റ് ഓഫീസർ കെ.ജെ മാർട്ടിൻ ലോവൽ ഐഎഫ്എസ് ന് പരാതി നൽകി.  കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷിജോ പി ചാക്കോ, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് പി ജി ബേബി, സുജിത് കെ എം, രാജേഷ് പാണഞ്ചേരി എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

കാട്ടാനകൾ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും നിരന്തരം ഇറങ്ങിവരുന്നത് പ്രദേശവാസികളുടെയും കർഷകരുടെയും ജീവനും സ്വത്തിനും വലിയ ഭീഷണിയായിരിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. വാഴ, തെങ്ങ്, കമുക്, റബർ തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതിനാൽ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. രാത്രികാലങ്ങളിൽ ജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും പരാതിയിൽ പറയുന്നു.
വഴുക്കുംപാറ, തോണിക്കൽ, ഉറവുമ്പാടം, മയിലാട്ടുംപാറ, പീച്ചി, തെക്കേ കുളം തുടങ്ങിയ പ്രദേശങ്ങളിൽ അടിയന്തരമായി പരിശോധന നടത്തി കാട്ടാനകളുടെ സഞ്ചാരപാതകൾ ഉൾപ്പെടെ ശാസ്ത്രീയമായി പഠിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ തൂക്കുവേലികളും കിടങ്ങുകളും മറ്റ് അനുയോജ്യമായ പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടുത്തി സമഗ്രമായ പുതിയ പ്രോജക്ടും എസ്റ്റിമേറ്റും തയ്യാറാക്കി കേരള സർക്കാരിന്റെ അംഗീകാരത്തിനും ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനുമായി സമർപ്പിക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി കെ സി അഭിലാഷ്  ആവശ്യപ്പെട്ടു.

ഏറ്റവും അടുത്ത ദിവസം  തന്നെ  പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും
തൃശൂർ ജില്ലാ ഫോറസ്റ്റ് ഓഫീസർ കെ.ജെ മാർട്ടിൻ ലോവൽ ഐഎഫ്എസ്  നിവേദക സംഘത്തിന് ഉറപ്പ് നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading