
പട്ടിക്കാട്. മേയ് 26ന് വാണിയമ്പാറയിൽ വെച്ച് ആംബുലൻസിൽ കടത്തിക്കൊണ്ടുവന്ന കാൽക്കിലോ എം.ഡി.എം.എ. പിടികൂടിയ സംഭവത്തിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അമ്പലത്തുവീട്ടിൽ റിയാസ് (37) ആണ് സാഹസിക നീക്കത്തിനൊടുവിൽ തൃശ്ശൂർ സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. 150ഓളം കാവൽ ജീവനക്കാരുള്ള ഫഌറ്റ് സമുച്ചയത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഫഌറ്റിനുള്ളിൽ കയറി പിടികൂടുന്നത് പ്രായോഗികമല്ലാത്തതിനാൽ പുറത്തിറങ്ങിയ സമയം കാത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാണിയംപാറയിൽ നിന്നും അറസ്റ്റിലായ രണ്ടുപേരിൽനിന്ന് ലഭിച്ച മൊഴികളാണ് ഇയാളെക്കുറിച്ചുള്ള നിർണായക സൂചനയായത്.
റിയാസ് മൊബൈൽ ഫോൺ ഉപയോഗിക്കാതെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞത്. ഒടുവിൽ ഗ്രേറ്റർ നോയിഡയിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സ്ഥലത്തെത്തിയ സംഘം നിരീക്ഷണം ശക്തമാക്കി. ഫഌറ്റ് സമുച്ചയത്തിലെ കർശന സുരക്ഷയ്ക്കിടയിൽ ഇയാൾ പുറത്തേക്കിറങ്ങിയ സമയം മനസ്സിലാക്കിയാണ് അറസ്റ്റ് നടത്തിയത്. അറസ്റ്റിലായ റിയാസിനെ ഉത്തർപ്രദേശിലെ കോടതിയിൽ ഹാജരാക്കി. ഇയാളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply