
തൃശ്ശൂർ: കാലിഫോർണിയയിൽ മരണപ്പെട്ട പാണഞ്ചേരി സ്വദേശിനി അഞ്ജന ഹരിയുടെ (35) ഭൗതികശരീരം എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ച് കുടുംബത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ഒല്ലൂർ എം.എൽ.എ അഡ്വ. കെ. രാജൻ മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകി.
പാണഞ്ചേരി സ്വദേശികളായ ഹരിദാസ് – സുഷമ ദമ്പതികളുടെ മകളാണ് അഞ്ജന ഹരി. കാലിഫോർണിയയിലെ മിൽപിറ്റാസിൽ ഉണ്ടായ ദാരുണമായ സംഭവത്തിലാണ് അഞ്ജന മരണപ്പെട്ടത്. അഞ്ജനയുടെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കുക എന്നതാണ് കുടുംബത്തിന്റെ പ്രധാനവും അടിയന്തരവുമായ ആവശ്യം. മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ കടുത്ത മാനസിക വേദനയിലായ കുടുംബത്തിന് അമേരിക്കയിലെ നിയമനടപടികളും ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളിലെ കാലതാമസവും വലിയ ആശങ്കയും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്.
മകളുടെ മരണാനന്തര ചടങ്ങുകൾ നാട്ടിൽ നടത്തുന്നതിനായി ഭൗതികശരീരം എത്രയും പെട്ടെന്ന് വീട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിന്റെ അഭ്യർത്ഥന. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നോർക്ക റൂട്ട്‌സ്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവരുമായി അടിയന്തരമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. കെ. രാജൻ കത്തിൽ ആവശ്യപ്പെട്ടു.

Leave a Reply