
മുംബൈ. തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസില്‍ മലയാളി കുടുംബം വന്‍ കവര്‍ച്ചയ്ക്കിരയായി. കായംകുളത്തുനിന്നു താനെയിലേക്കു യാത്ര ചെയ്യുകയായിരുന്ന താനെ കിസാന്‍ നഗര്‍ നിവാസികളായ സ്മിത പണിക്കര്‍, മകള്‍ ശ്രുതി പണിക്കര്‍ എന്നിവരുടെ 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടാവ് തട്ടിയെടുത്തത്. സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ മൂന്ന് സ്വര്‍ണവളകളും മാലകളും അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്.
ഞായറാഴ്ച പുലര്‍ച്ചെ 5.15നും 5.30നുമിടയില്‍ ഗോവയ്ക്കും തിവിമിനുമിടെയുള്ള മജോര്‍ഡ ജംക്ഷനു സമീപത്തു വച്ചായിരുന്നു സംഭവം. ട്രെയിന്‍ വേഗം കുറച്ച സമയത്ത് സ്മിതയുടെ അടുത്തെത്തിയ മോഷ്ടാവ് കയ്യിലുണ്ടായിരുന്ന ബാഗ് പെട്ടെന്ന് തട്ടിപ്പറിക്കുകയായിരുന്നു. ബാഗ് തിരികെ പിടിച്ചെടുക്കാന്‍ സ്മിത ശ്രമിച്ചതോടെ ഇരുവരും തമ്മില്‍ പിടിവലിയാവുകയും, വലിയൊരു അപകടത്തില്‍ നിന്ന് സ്മിത തലനാരിഴയ്ക്ക് രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ബാഗുമായി മോഷ്ടാവ് ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലോക്കൽ കവര്‍ച്ചാസംഘത്തില്‍പെട്ട കെ.എന്‍. നിഖില്‍ കുമാര്‍ എന്നയാളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

Leave a Reply