
പീച്ചി: മുടിക്കോട് സർവീസ് റോഡ് ഒഴിവാക്കി മേൽപ്പാലത്തിലൂടെ സർവീസ് നടത്തിയിരുന്ന ബസ്സുകൾക്കെതിരെ നൽകിയ പരാതിയെ തുടർന്ന് പീച്ചി പോലീസ് സ്‌റ്റേഷനിൽ ബസ് ഉടമകളെയും പരാതിക്കാരെയും വിളിച്ചുവരുത്തി ചർച്ച നടത്തി. ബിജെപി പീച്ചി മണ്ഡലം ട്രഷറർ സജീവ് കെ., പീച്ചി ഏരിയ പ്രസിഡന്റ് പ്രവീൺ രാജു, പഞ്ചായത്തംഗം പ്രശോബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബസ് ഉടമകളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
മുടിക്കോട് ഭാഗത്ത് യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും നേരിടുന്ന ബുദ്ധിമുട്ടുകളും സുരക്ഷാ പ്രശ്‌നങ്ങളും പരാതിക്കാർ ചർച്ചയിൽ ഉന്നയിച്ചു. തുടർന്ന്, ഇനി മുതൽ ബസ്സുകൾ മുടിക്കോട് സർവീസ് റോഡ് വഴി തന്നെ സർവീസ് നടത്തുമെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള നടപടികൾ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ബസ് ഉടമകൾ പോലീസിന് ഉറപ്പ് നൽകി.
അതോടൊപ്പം, സർവീസ് റോഡുകളിലെ ഹമ്പുകൾ ശാസ്ത്രീയമായ രീതിയിൽ നിർമ്മിക്കുന്നതിനും ക്രമീകരിക്കുന്നതിനും ബന്ധപ്പെട്ട അധികൃതരുടെ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവും ബസ് ഉടമകൾ ചർച്ചയിൽ അറിയിച്ചു. നിലവിലുള്ള ഹമ്പുകൾ ബസ് സർവീസുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ബസ് ഉടമകളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പീച്ചി പോലീസ് പരാതി ചർച്ചയിലൂടെ തീർപ്പാക്കി. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി വിഷയത്തിൽ ഇടപെട്ട പീച്ചി പോലീസിന്റെ നടപടിയെ ബിജെപി പ്രവർത്തകർ സ്വാഗതം ചെയ്തു.

Leave a Reply