
തൃശൂർ: ഒല്ലൂർ മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികളായ പീച്ചി സ്വിമ്മിംഗ് പൂളിന്റെ പുനരുദ്ധാരണത്തിനും കൈനൂർ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ സുരക്ഷാ നിർമ്മാണ പ്രവർത്തനങ്ങൾക്കും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒല്ലൂർ എം.എൽ.എ കെ. രാജൻ ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫിനെ നേരിൽ കണ്ട് നിവേദനം നൽകി.
പീച്ചിയിലുള്ള നീന്തൽക്കുളം അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. നിരവധി ജില്ലാ, സംസ്ഥാന, ദേശീയതല നീന്തൽ താരങ്ങളെ വാർത്തെടുത്ത പീച്ചിയിലെ സ്വിമ്മിംഗ് പൂൾ നിലവിൽ തകർന്നു കിടക്കുന്നതിനാൽ കായിക വിദ്യാർത്ഥികൾക്ക് പരിശീലനം നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. പ്രാദേശിക കായിക താരങ്ങൾക്ക് ഏറെ പ്രയോജനകരമായ ഈ നീന്തൽക്കുളത്തിന്റെ സ്ഥിതി പരിശോധിച്ച് എത്രയും വേഗം പുനരുദ്ധരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
മണലിപ്പുഴയ്ക്ക് കുറുകെയുള്ള കൈനൂർ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണം നിലവിൽ അവസാനഘട്ടത്തിലാണ്. അനുബന്ധ പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. മികച്ച വിനോദസഞ്ചാര സാധ്യതയുള്ള ഈ പ്രദേശം പദ്ധതി പൂർത്തിയാകുന്നതോടെ ധാരാളം സഞ്ചാരികളെ ആകർഷിക്കും. എന്നാൽ ജലാശയത്തിലേക്ക് ആളുകൾ ഇറങ്ങുന്നത് സുരക്ഷാഭീഷണിയാകാൻ സാധ്യതയുള്ളതിനാൽ ടോ വാൾ (Toe Wall), ലൂസ് ഏപ്രൺ (Loose Apron) എന്നിവ നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് നിലവിൽ ഡിസൈൻ ചീഫ് എഞ്ചിനീയറുടെ പരിഗണനയിലാണ്. പദ്ധതി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മുൻപ് തന്നെ ഈ സുരക്ഷാ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഭരണാനുമതി നൽകണമെന്ന് എം.എൽ.എ മന്ത്രിയോട് അഭ്യർത്ഥിച്ചു.

Leave a Reply