
കൊച്ചി: പാലാരിവട്ടത്തെ ജ്വല്ലറിയിൽനിന്ന് 60 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു വില്പന നടത്തിയ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം ചീരംതുടിയിൽ വീട്ടിൽ രാഹുലിനെ (27) യാണ് പാലാരിവട്ടം പൊലിസ് തൃശൂരിൽ നിന്ന് പിടികൂടിയത്.
2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിലാണു മോഷണം നടത്തിയത്. പ്രസ്തുത കാലയളവിൽ ജ്വല്ലറിയിൽ നിന്നു പലതവണയായി 428 ഗ്രാം സ്വർണാഭരണങ്ങൾ കൈക്കലാക്കിയശേഷം മറ്റൊരാൾക്ക് മറിച്ചു വിൽക്കുകയായിരുന്നു. സ്വർണാഭരണങ്ങളുടെ സ്‌റ്റോക്കിൽ നിരന്തരം കുറവ് വരുന്നതിൽ സംശയം തോന്നിയ ഉടമകൾ ജീവനക്കാരെ നിരന്തരം നിരീക്ഷണം നടത്തിയാണ് അസിസ്റ്റന്റ മാനേജരായ പ്രതിയെ തിരിച്ചറിഞ്ഞത്.
ഉടമയുടെ പരാതിയിൽ പൊലിസ് കേസെടുത്തു നടത്തിയ അന്വേഷണത്തിൽ ജ്വല്ലറിയിലെ ലോക്കറിൽ ഉപഭോക്താക്കൾ ഏൽപ്പിച്ചിരുന്ന സ്വർണാഭരണങ്ങളിൽനിന്ന് പ്രതി അനധികൃതമായി സ്വർണം കൈക്കലാക്കിയാണ് കളവു നടത്തിയതെന്ന് തെളിഞ്ഞു.

Leave a Reply