
തൃശൂർ: നുറുദിന കർമപരിപാടിയിൽ പ്രഖ്യാപിച്ച പട്ടികജാതി, പട്ടികവർഗ വകുപ്പിന്റെ കീഴിലുള്ള ഹോസ്റ്റലുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കുന്ന പദ്ധതി മാതൃകാപരമെന്ന് മന്ത്രി കെ.എ. തുളസി പറഞ്ഞു. പെൺകുട്ടികൾ പഠിക്കുന്ന സ്ഥലങ്ങളിൽ അവരുടെ ആരോഗ്യത്തിന് ഇത്തരം പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അവർ വ്യക്തമാക്കി.
വകുപ്പിനു കീഴിലുള്ള ഹോസ്റ്റലുകളിലെ മെനു പരിഷ്‌ക്കരിക്കുന്നത് പരിഗണനയിലാണെന്നും വകുപ്പിന്റെ സ്ഥാപനങ്ങളിൽ പ്ലസ്ടു വരെ പഠിച്ചിറങ്ങുന്ന കുട്ടികളുടെ തുടർപഠനവും തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനായി വിദ്യാർഥികളുടെ വിവരശേഖരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പെൺകുട്ടികളുടെ പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പീച്ചി നേച്ചർ എഡ്യുക്കേഷൻ സെന്ററിൽ നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിനുശേഷം പ്രീമെട്രിക് ഹോസ്റ്റലിലും സന്ദർശനം നടത്തിയ മന്ത്രി കുട്ടികളുമായി സംവദിച്ചു.
എംആർഎസിലെ വിദ്യാർഥി അനല്യ അനിൽകുമാർ വരച്ച ഛായാചിത്രം മന്ത്രിക്കു കൈമാറി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് അധ്യക്ഷത വഹിച്ചു.

Leave a Reply