
തിരുവനന്തപുരം. ഒക്ടോബറിൽ റേഷൻ കാർഡുടമകൾക്ക് നിലവിലെ റേഷൻ വിഹിതത്തിന് പുറമേ സ്‌പെഷൽ അരിയും ലഭിക്കും. പിങ്ക്, നീല, വെള്ള, ബ്രൗൺ റേഷൻ കാർഡ് ഉടമകൾക്കാണ് കിലോഗ്രാമിന് 26 രൂപ നിരക്കിൽ സ്‌പെഷൽ അരി നൽകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.
പിങ്ക് കാർഡുടമകൾക്ക് പരമാവധി മൂന്ന് കിലോഗ്രാം അരിയും നീല, വെള്ള, ബ്രൗൺ കാർഡുടമകൾക്ക് പരമാവധി 10 കിലോഗ്രാം വീതം അരിയുമാണ് ലഭിക്കുക. ഓണക്കാലത്ത് വിതരണം ചെയ്ത സ്‌പെഷൽ അരിയുടെ ബാക്കി സ്‌റ്റോക്കാണ് ഇതിനായി ഉപയോഗിക്കുന്നത്.
അതേസമയം, സ്‌റ്റോക്കില്ലാത്ത റേഷൻ കടകളിലും സ്‌പെഷൽ അരി ആവശ്യപ്പെട്ട് കാർഡുടമകൾ എത്തുന്നത് വാക്കേറ്റത്തിന് കാരണമാകുന്നതായി റേഷൻ വ്യാപാരികൾ പറയുന്നു.
പല കടകളിലും സ്‌റ്റോക്കില്ലെന്ന് അറിയിക്കുന്നതായി കാർഡുടമകളിൽനിന്ന് വ്യാപക പരാതിയുമുണ്ട്. ഭക്ഷ്യവകുപ്പിന്റെ സമൂഹമാധ്യമ പേജിലൂടെ പരാതി അറിയിക്കുന്നവർക്ക് അതത് താലൂക്കുകളിൽ വിതരണം ചെയ്ത സ്‌പെഷൽ അരിയുടെ കണക്ക് അധികൃതർ മറുപടിയായി നൽകുന്നുണ്ട്.
ഇതിനു പുറമേ, ഈ മാസം വെള്ള കാർഡുടമകൾക്ക് സാധാരണ റേഷൻ വിഹിതമായി കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ നാല് കിലോഗ്രാം അരി ലഭിക്കും. സ്‌പെഷൽ വിഹിതമായി വെള്ള, നീല കാർഡുടമകൾക്ക് കിലോഗ്രാമിന് 8.70 രൂപ നിരക്കിൽ രണ്ട് കിലോഗ്രാം ഗോതമ്പും നൽകും. അതത് താലൂക്കിലെ സ്‌റ്റോക്കിന് അനുസരിച്ച് നീല, വെള്ള, ബ്രൗൺ കാർഡുടമകൾക്ക് നാല് കിലോഗ്രാം വരെ ആട്ടയും ലഭിക്കും. ആട്ടയ്ക്ക് കിലോഗ്രാമിന് 17 രൂപയാണ് വില.

Leave a Reply