
തിരുവനന്തപുരം: ഉപയോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും അധിക സാമ്പത്തിക ബാധ്യതയില്ലാതെ യുപിഐ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനാണ് യുപിഐ വ്യാപാരി ഡിസ്‌കൗണ്ട് നിരക്കെന്ന് (എംഡിആർ) നാഷണൽ പേയ്‌മെന്റ്‌റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചീഫ് ഓഫ് മാർക്കറ്റിംഗ് രമേഷ് യാദവ്. വ്യക്തിഗത യുപിഐ ഉപയോക്താക്കൾക്ക് സൗജന്യമായി തുടരും. എംഡിആറോ ഇടപാട് ചാർജോ ഇല്ലാതെ വ്യാപാരികൾക്ക് പണമടയ്ക്കാനും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പണം കൈമാറാനും ഉപയോക്താക്കൾക്ക് കഴിയും.
എല്ലാ യുപിഐ ഇടപാടുകൾക്കും എംഡിആർ ബാധകമല്ല. 2,000 രൂപയ്ക്കു മുകളിലുള്ള വ്യാപാരി ഇടപാടുകൾക്ക് മാത്രമാണ് എംഡിആർ ബാധകം. ഈ പരിധി വ്യാപാരി ഒരു ദിവസം ആകെ സ്വീകരിക്കുന്ന തുകയ്ക്കല്ല, ഓരോ ഇടപാടിനുമാണ് ബാധകമാകുന്നത്. അതിനാൽ 2,000 രൂപയിൽ താഴെയുള്ള ഒന്നിലധികം പേയ്‌മെന്റുകൾ എംഡിആർ ഇല്ലാതെ വ്യാപാരികൾക്ക് സ്വീകരിക്കാം.
സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് യുപിഐ വഴി പ്രതിമാസം ഒരു ലക്ഷം രൂപവരെ സ്വീകരിക്കുന്ന വഴിയോര കച്ചവടക്കാർക്കും ചെറുകിട കടകൾക്കും എംഡിആർ തുടർന്നും പൂജ്യമായിരിക്കും. ഇതുവഴി അധിക ചെലവി ല്ലാതെ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ ചെറുകിട വ്യാപാരികൾക്ക് കഴിയും.
വിദ്യാഭ്യാസം, ഇന്ധനം, ഇൻഷ്വറൻസ്, ടെലികോം, റെയിൽവേ തുടങ്ങിയ മേഖലകളിൽ 2,000ന് മുകളിലുള്ള ഓരോ ഇടപാടിനും പരമാവധി അഞ്ച് എന്ന ഏകീകൃത എംഡിആർ ആയിരിക്കും ബാധകം. പ്രധാനമായി, എംഡിആർ വ്യാപാരികളാണ് വഹിക്കേണ്ടത്, ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ കഴിയില്ല. എംഡിആർ വഴി ലഭിക്കുന്ന തുകയുടെ ഏകദേശം അഞ്ചു ശതമാനം പ്രത്യേക ഫണ്ടിലേക്കു മാറ്റാനാണ് നിർദേശം. പേയ്‌മെന്റ് അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്താനും വ്യാപാരികളെ ഡിജിറ്റൽ സംവിധാനത്തിലേക്കു കൊണ്ടുവരാനും ടിയർ മൂന്നു മുതൽ ടിയർ ആറ് നഗരങ്ങളിൽ ഡിജിറ്റൽ പേയ്‌മെന്റ് വ്യാപനം വേഗത്തിലാക്കാനുമാണ് ഈ ഫണ്ട് ഉപയോഗിക്കുക.

Leave a Reply