പാലിയേക്കര ടോൾ പ്ലാസ തടസ്സരഹിതമാക്കാൻ ആലോചന; ദേശീയപാത ടാസ്ക് ഫോഴ്സ് യോഗം ചേർന്നു

തൃശൂർ : പാലിയേക്കര ടോൾ പ്ലാസ തമിഴ്‌നാട്ടിലെ താംബരം മാതൃകയിൽ തടസ്സരഹിതമാക്കുന്ന (ബാരിയർ ഫ്രീ) കാര്യം പരിശോധിക്കാൻ ദേശീയപാത അതോറിറ്റിക്ക് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദ്ദേശം നൽകി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന ദേശീയപാത ടാസ്ക് ഫോഴ്സ് യോഗത്തിലാണ് തീരുമാനം.

ദേശീയപാത നിർമ്മാണത്തിലെ സുരക്ഷാ പ്രശ്നങ്ങൾ, വെള്ളക്കെട്ട്, കാൽനടയാത്രക്കാരുടെ ദുരിതം എന്നിവ സംബന്ധിച്ച് സംയുക്ത പരിശോധനാ സംഘം സമർപ്പിച്ച റിപ്പോർട്ട് പ്രകാരമുള്ള അപാകതകൾ പൂർണ്ണമായി പരിഹരിച്ചതായി ദേശീയപാത 66 പ്രൊജക്ട് ഡയറക്ടർ അറിയിച്ചു. എന്നാൽ ഇവ പരിഹരിക്കപ്പെട്ടിട്ടുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് (ഫിസിക്കൽ വേരിഫിക്കേഷൻ) ഉറപ്പുവരുത്താൻ പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും ചുമതലപ്പെടുത്തി. നേരത്തെ നടത്തിയ പരിശോധനയിൽ ദേശീയപാത 66-ൽ നാല് കിലോമീറ്റർ ദൂരത്തിൽ തെരുവ് വിളക്കുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇവിടെ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസൽ തയ്യാറാക്കി എൻ.എച്ച്.എ.ഐ ആസ്ഥാനത്തേക്ക് അയക്കുമെന്നും പ്രൊജക്ട് ഡയറക്ടർ അറിയിച്ചു.

ദേശീയപാതയുടെ റൈറ്റ് ഓഫ് വേയ്ക്ക് (റൈറ്റ് ഓഫ് വേ) പുറത്തുള്ള ഡ്രെയിനേജ് കണക്ടിവിറ്റി പ്രവൃത്തികൾ നടപ്പിലാക്കുന്നതിനായി എൻ.എച്ച്.എ.ഐയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്ത പരിശോധന നടത്തി എസ്റ്റിമേറ്റ് സമർപ്പിക്കാൻ എൽ.എസ്.ജി.ഡിഎക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കളക്ടർ നിർദ്ദേശം നൽകി.

ദേശീയപാതകളിൽ ലോറികളും ട്രക്കുകളും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി പോലീസ്, മോട്ടോർ വാഹന വകുപ്പ്, റവന്യൂ വകുപ്പ്, എൻ.എച്ച്.എ.ഐ പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി. ഇതിനായി കൊടുങ്ങല്ലൂരിൽ ബൈപാസിനോട് ചേർന്ന് 6000 ചതുരശ്ര അടി സ്ഥലം കണ്ടെത്തിയതായി എൻ.എച്ച്.എ.ഐ അറിയിച്ചു.

പോലീസ്, മോട്ടോർ വാഹന വകുപ്പ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, എൻ.എച്ച്.എ.ഐ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading