
തൃശൂർ. വാടാനപ്പിള്ളി ഫസൽ നഗറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബിലാൽ എന്നറിയപ്പെടുന്ന വാടാനപ്പിള്ളി റഹ്മത്ത് നഗർ സ്വദേശി പണിക്കവീട്ടിൽ മുഹമ്മദ് റാസിൽ (18), പ്രായപുർത്തിയാകാത്ത രണ്ടുപേർ എന്നിവരെ വാടാനപ്പിള്ളി പൊലിസ് അറസ്റ്റ് ചെയ്തു. പോപ്പാണ്ടി സലാം എന്നറിയപ്പെട്ടിരുന്ന വാടാനപ്പിള്ളി ഫസൽ നഗർ ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ അബ്ദുൾ സലാം (40) ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രധാന പ്രതി ബിൻഷാദിനുവേണ്ടി അന്വേഷണം തുടരുകയാണ്.
ബുധനാഴ്ച രാവിലെ ആറോടെയാണ് ഫസൽ നഗറിലെ ഒരു പറമ്പിൽ അബ്ദുൾ സലാമിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിനു തലേന്ന് രാത്രി ഫസൽ നഗർ ബീച്ചിലെ ആൾതാമസമില്ലാത്ത ഒരു വീട്ടിൽ അബ്ദുൾ സലാം സുഹൃത്തും ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടയുമായ പടിയത്ത് വീട്ടിൽ ബിൻഷാദ് (37), ഇയാളുടെ മറ്റു രണ്ട് കൂട്ടാളികൾ, രണ്ടു കുട്ടികൾ എന്നിവരോടൊപ്പം ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
സലാമിന്റെ നട്ടെല്ല്, വാരിയെല്ല്, അടിവയർ ഭാഗം, ഇടതു നെഞ്ചിന് മുകൾഭാഗം എന്നിവിടങ്ങളിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം ആന്തരിക രക്തസ്രാവം മൂലമാണെന്ന് വ്യക്തമായി.

Leave a Reply