നാട്ടികയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു

തൃശൂർ. ദേശീയപാത 66-ൽ നിർമാണം പൂർത്തിയാകും മുമ്പ് നാട്ടിക ടോൾ പ്ലാസയിൽ വ്യാഴാഴ്ച രാവിലെ ആരംഭിക്കാനിരുന്ന ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു. നിർമാണം പൂർത്തിയാകുന്നതുവരെ ടോൾ പിരിവ് നിർത്തിവെക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്ഥലത്തെ പ്രശ്നങ്ങൾ മന്ത്രി ഒ.ജെ. ജനീഷ് പൊതുമരാമത്ത് വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറി എന്നിവരുമായി നടത്തിയ ചർച്ചയിൽ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

കൊടുങ്ങല്ലൂർ – കാപ്പിരിക്കാട് റീച്ചിൽ സർവീസ് റോഡുകളുടെയും പാലങ്ങളുടെയും നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല.  ഈ സാഹചര്യത്തിൽ ടോൾ പിരിവ് ആരംഭിച്ചാൽ പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കും ജനങ്ങൾക്ക് കടുത്ത ബുദ്ധിമുട്ടും ഉണ്ടാകുമെന്ന് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സർവീസ് റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയുള്ള ടോൾ പിരിവ് പ്രാദേശിക ഗതാഗതത്തെ ബാധിക്കുമെന്ന പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി സർവകക്ഷിയോഗം വിളിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകിയത്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന് സ്ഥലം സന്ദർശിച്ച് പരിശോധന നടത്താനും, സർവകക്ഷിയോഗം വിളിച്ച് ചേർത്ത് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്
പ്രാദേശികവാസികളുടെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള വികസനപ്രവർത്തനങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ വിഷയം പരിഹരിക്കുമെന്നും മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading