
വടക്കാഞ്ചേരി: പൊലിസ് സ്‌റ്റേഷനിൽ അക്രമം അഴിച്ചുവിടുകയും അസഭ്യം പറയുകയും ചെയ്ത അമ്മയും മകളും അറസ്റ്റിൽ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ചിറയത്തുവീട്ടിൽ ബിന്ദു എന്ന തൂമാനം ബിന്ദുവും (റിനി) മകൾ സോനയുമാണ് വടക്കാഞ്ചേരി പൊലിസിന്റെ പിടിയിലായത്. അയൽവാസിയെ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലിസ് സ്‌റ്റേഷനിൽ വിളിപ്പിച്ചു സംസാരിക്കുന്നതിനിടെ എസ്എച്ച്ഒ അനൂപിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും സ്‌റ്റേഷനിലെ വസ്തുവകകൾക്കു നാശനഷ്ടമുണ്ടാക്കുകയും ചെയ്യുകയായിരുന്നു.
വനിതാ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപിക്കുകയും പൊലിസിന്റെ കൃത്യനിർവഹണത്തിനു തടസം സൃഷ്ടിക്കുകയും ചെയ്തതിനാണ് ഇവർക്കെതിരേ കേസെടുത്തത്. നിരവധി കേസുകളിൽ ഉൾപ്പെട്ട ആളാണു ബിന്ദുവെന്ന് പൊലിസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Leave a Reply