വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തതിനെതിരെ സംയുക്ത പ്രതിഷേധം

പട്ടിക്കാട്: എസ്.ഐ.ആർ നടപടിയിലൂടെ രാജ്യത്ത് 12 കോടി വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയെന്ന ആരോപണവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവും ഉന്നയിച്ച് പട്ടിക്കാട് സെന്ററിൽ സംയുക്ത പ്രതിഷേധ പ്രകടനം നടത്തി.

ഡൽഹിയിൽ സമരം നടത്തിയ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പോളിറ്റ് ബ്യൂറോ അംഗവും മുൻ കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ തുടങ്ങിയ നേതാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചു. 

സിപിഐഎം പാണഞ്ചേരി, പീച്ചി ലോക്കൽ കമ്മിറ്റികളുടെയും സിഐടിയു, കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു), കേരള കർഷകസംഘം എന്നീ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം.എം. അവറാച്ചൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. സിഐടിയു പാണഞ്ചേരി പഞ്ചായത്ത് കോർഡിനേഷൻ കൺവീനർ കെ.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

സിപിഐഎം പീച്ചി ലോക്കൽ സെക്രട്ടറി വി.സി. സുജിത്ത്, പാണഞ്ചേരി ലോക്കൽ സെക്രട്ടറി കെ.കെ. ഷൂജൻ, കെഎസ്‌കെടിയു പാണഞ്ചേരി വില്ലേജ് സെക്രട്ടറി പി.ജെ. അജി, പ്രസിഡന്റ് ലിജോ ജോർജ്, പീച്ചി വില്ലേജ് പ്രസിഡന്റ് എം. ബാലകൃഷ്ണൻ, കർഷകസംഘം പാണഞ്ചേരി മേഖലാ സെക്രട്ടറി വിൽസൺ ചെമ്പനാൽ, പ്രസിഡന്റ് പി.വി. സുദേവൻ, പീച്ചി മേഖലാ സെക്രട്ടറി ഇ.എം. വർഗീസ്, കെ.വി. ജോസ്, എം.പി. സാബു, കെ.എം. ഷാബു തുടങ്ങിയവർ സംസാരിച്ചു. നിരവധി പേർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading