
കുന്നംകുളം: മരത്തംകോട് ഇതരസംസ്ഥാന തൊഴിലാളിയെ വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സ്ഥിരീകരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് മുംതാബ് മിയാൻ (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ റോഷൻ കാത്തൂൺ, കാമുകൻ ബിഹാർ സ്വദേശി ഹസനൻ മിർയാൻ എന്നിവർ അറസ്റ്റിലായി.
ഞായറാഴ്ച രാവിലെ 7.30 നാണ് മരത്തംകോട് പുതിയ മാത്തൂർ ചിറപുറത്തുള്ള വാടക ക്വാർട്ടേഴ്‌സിൽ മുഹമ്മദ് മുംതാബ് മിയാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയത്.
കൊല്ലപ്പെട്ട മുഹമ്മദ് മുംതാബ് മിയാന്റെ വീട്ടിലെ സ്ഥിരം സന്ദർശകനാണ് പ്രതി ഹസനൻ മിർയാൻ. ശനിയാഴ്ച രാത്രി ഇവരുടെ ക്വാർട്ടേഴ്‌സിൽ എത്തിയ പ്രതിയും കൊല്ലപ്പെട്ട മുഹമ്മദ് മുംതാബും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും പിന്നീട് വഴക്കുണ്ടാവുകയും ചെയ്തു. ഇതിനിടയിൽ പ്രതികൾ മുഹമ്മദ് മുംതാബ് മിയാനെ ആദ്യം കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയും തുടർന്ന് തോർത്തു മുണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.

Leave a Reply