
തിരുവനന്തപുരം: പുതിയ വോട്ടർമാരെയും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് പ്രത്യേക പ്രചാരണ യജ്ഞം ആരംഭിച്ചു. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും അർഹരായ മുഴുവൻ വോട്ടർമാരെയും ഉൾപ്പെടുത്തുന്നതിനായാണ് ഇന്നലെ പ്രചാരണ യജ്ഞം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 31 വരെ വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികളോ, ഫോറം ആറ് സമർപ്പിക്കുന്നതിന് സഹായമോ ആവശ്യമുണ്ടെങ്കിൽ ഇവിടെ ബന്ധപ്പെടാം. സഹായത്തിനായി 1950 എന്ന ഹെൽപ്പ് ലൈൻ നമ്പറും പ്രവർത്തിക്കും.
പുതിയ വോട്ടർമാർക്കോ, മുമ്പ് ഒഴിവാക്കപ്പെട്ടുപോയ വോട്ടർമാർക്കോ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോറം ആറ് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. ആക്ഷേപങ്ങൾക്കും നിലവിലുള്ള പേര് ഒഴിവാക്കുന്നതിനും ഫോറം 7 ഉപയോഗിച്ച് അപേക്ഷിക്കാം. നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനും പുതിയ തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനും ഭിന്നശേഷിക്കാർ ആയി രേഖപ്പെടുത്തുന്നതിനും ഫോറം 8 ഉപയോഗിക്കാം. കരട്, അന്തിമ വോട്ടർ പട്ടികകളുടെ ഡിജിറ്റൽ കോപ്പികൾ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറും. അർഹരായ ഒരു വോട്ടറും വോട്ടർപട്ടികയിൽനിന്ന് പുറത്താകരുത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഊർജിതമായ പ്രചാരണ പരിപാടികൾ തുടരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം അറിയിച്ചു.

Leave a Reply