
തൃശൂർ: മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്ന കേസിൽ കുപ്രസിദ്ധ മോഷണക്കേസ് പ്രതി അണ്ണാൻ ഷാജിയെ മെഡിക്കൽ കോളേജ് പോലീസ് പിടികൂടി. എറണാകുളം ജില്ലയിലെ ചെറുവട്ടൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഫെബ്രുവരിയിൽ തൃശൂർ മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്ന പ്രതി, മോഷ്ടിച്ച വാഹനവുമായി സഞ്ചരിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. ഇടുക്കി സ്വദേശിയായ ഇയാൾ മൂവാറ്റുപുഴയിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിക്കാതെയും താമസസ്ഥലങ്ങൾ നിരന്തരം മാറിയും അന്വേഷണം ഒഴിവാക്കാൻ ശ്രമിച്ച പ്രതിയെ, ബന്ധുക്കളെയും അടുത്ത സുഹൃത്തിനെയും മാസങ്ങളോളം നിരീക്ഷിച്ചാണ് പോലീസ് കണ്ടെത്തിയത്.
പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഏറെ ദൂരം പിന്തുടർന്നാണ് പിടികൂടിയത്. നിരവധി പോലീസ് സ്‌റ്റേഷനുകളിലെ വാഹന മോഷണക്കേസുകളിൽ പ്രതിയാണ് ഷാജി. മെഡിക്കൽ കോളേജ് എസ്എച്ച്ഒ എസ് കിരണിന്റെ നേതൃത്വത്തിൽ എഎസ്‌ഐ സിബു, എസ്‌സിപിഒ അഭിലാഷ്, സിപിഒമാരായ ഷാഹിദ്, അഭയ് ഘോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply