
തൃശ്ശൂർ: ആമ്പല്ലൂർ സിനിമാ തിയേറ്ററിൽ ബഹളമുണ്ടാക്കിയെന്ന പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളാനിക്കര മേനോൻ റോഡ് സ്വദേശി മുഹമ്മദ് അഫ്താബ് (23), മണ്ണുത്തി കൊഴുക്കുള്ളി അമ്പലമൂല സ്വദേശി അമൽ (20) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബർ 18-ന് രാത്രി 11.30-ഓടെ ആമ്പല്ലൂർ ശ്രീലക്ഷ്മി സിനിമാ തിയേറ്ററിൽ സിനിമ കാണാനെത്തിയ യുവാക്കൾ സീറ്റുകളിൽനിന്ന് എഴുന്നേറ്റ് തുള്ളിച്ചാടി ഡാൻസ് കളിക്കുകയും ബഹളമുണ്ടാക്കി മറ്റ് പ്രേക്ഷകർക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തെന്നായിരുന്നു പരാതി. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ പുതുക്കാട് പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് പോലീസ്
അറസ്റ്റിലായ മുഹമ്മദ് അഫ്താബ് മണ്ണുത്തി, പീച്ചി പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, പെട്ടി ഓട്ടോറിക്ഷയുടെ ഇന്ധന ടാങ്കിൽ ഉപ്പ് വാരിയിട്ട് 25,000 രൂപയുടെ നഷ്ടമുണ്ടാക്കിയ സംഭവം, അടിപിടി, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത സംഭവം എന്നിവയുൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
അമൽ മണ്ണുത്തി, പീച്ചി, പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസുകൾ, മൂന്ന് അടിപിടിക്കേസുകൾ, മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവൃത്തി ചെയ്ത കേസ് എന്നിവയുൾപ്പെടെ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply