
തൃശ്ശൂർ: പഴൂർ സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ എരുമപ്പെട്ടി പോലീസ് പിടികൂടി. എരുമപ്പെട്ടി ഉമിക്കുന്ന് നഗർ സ്വദേശി വടക്കൻവീട്ടിൽ ദേവക് (23) ആണ് പിടിയിലായത്.
ഒക്ടോബർ 18-ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. പഴൂർ സ്വദേശിയായ യുവാവിനെ എരുമപ്പെട്ടിയിലെ ടർഫിന് സമീപത്തേക്ക് വിളിച്ചുവരുത്തിയ പ്രതി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
രണ്ട് ദിവസം മുമ്പ് സ്കൂട്ടറിൽ വീട്ടിലേക്ക് ലിഫ്റ്റ് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ യുവാവ് തയ്യാറാകാതിരുന്നതും സുഹൃത്തുക്കൾക്കൊപ്പം കൂട്ടാതിരുന്നതുമാണ് പ്രതിക്ക് വിരോധമുണ്ടാകാൻ കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ യുവാവിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്.
സംഭവത്തിൽ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എരുമപ്പെട്ടി, ചാലിശ്ശേരി പോലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയായ ദേവക്, പോലീസിന്റെ ഓപ്പറേഷൻ ഗ്രിപ്പ് നടപടിയിലും ഉൾപ്പെട്ടയാളാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply