തേനി ജയില്‍ ചാട്ടം: രക്ഷപ്പെട്ട 17 തടവൂരില്‍ 13 പേരെയും പിടികൂടി

ചെന്നൈ. തമിഴ്നാട്ടില്‍ തേനിയിലെ ആണ്ടിപെട്ടിയിലുള്ള ജയിലില്‍ നിന്ന് രക്ഷപ്പെട്ട 17 തടവുകാരില്‍ 13 പേരെയും പോലീസ് പിടികൂടി. രക്ഷപ്പെടാനായി ഇവര്‍ ഉപയോഗിച്ച ഓട്ടോറിക്ഷയില്‍ തന്നെയാണ് ഇതിലൊരാളെ തിരികെ ജയിലിലെത്തിച്ചത്. സംഭവത്തില്‍ ഒമ്പത് ജയില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൃത്യവിലോപം കാണിച്ചതിനാണ് നടപടി.

ജയിലില്‍ നിന്ന് രക്ഷപ്പെട്ട 17 പേരില്‍ നാലുപേരെ നേരത്തെ തിരച്ചിലിനിടെ പിടികൂടിയതായി ഐ ജി പി. ബിദാരി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജയിലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഓട്ടോറിക്ഷയില്‍ കയറിയപ്പോഴാണ് അഞ്ചാമത്തെ തടവുകാരനെ പോലീസ് പിടികൂടിയത്. ജയില്‍ ചാടിയ പ്രതിയാണെന്ന് അറിയാതെ ഓട്ടോ ഡ്രൈവര്‍ ഇയാളെ കനവിളക്കില്‍ എത്തിക്കാമെന്ന് സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ ഓട്ടോ തടഞ്ഞുനിര്‍ത്തുകയും, രക്ഷപ്പെട്ട തടവുകാരനെ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ നേരെ ജയിലിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം ഡ്രൈവറോട് നിര്‍ദേശിച്ചു. രക്ഷപ്പെട്ട തടവുകാരെ കണ്ടെത്തുന്നതിനായി പോലീസ് 17 പ്രത്യേക സംഘങ്ങളെ രൂപവത്കരിച്ചിരുന്നു. കുറ്റവാളികളെ പിടികൂടുന്നതിനായി തമിഴ്നാട് പോലീസും കേരള പോലീസും സംയുക്തമായി പ്രവര്‍ത്തിക്കുകയും, ഇടുക്കി, മധുര, ദിണ്ഡിഗല്‍ ജില്ലകളോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ താത്ക്കാലിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു.

ഒരു തടവുകാരനെ കണ്ടെത്താന്‍ ഡ്രോണുകള്‍ സഹായകമായി. ഇയാള്‍ തേനി ജയിലിന് പിന്നിലുള്ള വനപ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് കുറ്റവാളികളെ പിടികൂടാനുള്ള പോലീസ് നടപടികള്‍ ശക്തമാക്കുകയും, വീണ്ടും ഡ്രോണുകള്‍ ഉപയോഗിക്കുകയും ചെയ്തതോടെയാണ് എട്ടുപേരെ കൂടി പിടികൂടാനായത്. ഇതോടെ പിടിയിലായവരുടെ എണ്ണം 13 ആയി. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Powered by WordPress.com.

Up ↑