തെരുവുനായ പ്രശ്‌നം: ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്ക്

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നപരിഹാരത്തിനു സർക്കാർ സമഗ്ര മാർഗരേഖ തയാറാക്കിയെന്നും അതുപ്രകാരം തെരുവുനായ ആക്രമണത്തിനു പരിഹാരം കാണലും നിയന്ത്രണവും അടക്കമുള്ള പൂർണ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കുമെന്നും മന്ത്രി കെ.എം. ഷാജി നിയമസഭയിൽ പറഞ്ഞു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപറേഷൻ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും ഉത്തരവാദിത്വം.

തെരുവുനായ പ്രശ്‌നപരിഹാരം തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ ഉത്തരവാദിത്വമായി മാറുന്നതോടെ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാൻ കഴിയും. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 80 ശതമാനത്തിലേറെ തദ്ദേശസ്ഥാപനങ്ങളിൽ പ്രാദേശികതല മേൽനോട്ട സമിതികൾ രൂപവത്കരിച്ചു. സംസ്ഥാനതലത്തിൽ ഉന്നതതല മേൽനോട്ട സമിതിയും രൂപവത്കരിച്ചു. മാർഗരേഖ ഉൾപ്പെടുത്തിയുള്ള കൈപ്പുസ്തകം ഉടൻ പ്രസിദ്ധീകരിക്കും.

തെരുവുനായ നിയന്ത്രണം കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ ഡോഗ് ബ്രീഡിംഗ് റൂൾസ്, പെറ്റ് ഡോഗ് ലൈസൻസിംഗ് റൂൾസ് എന്നിവ തയാറാക്കുന്ന നടപടി പുരോഗമിക്കുന്നു. എബിസി പ്രവർത്തനം ഊർജിതമാക്കാനും എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ദയാവധം ഉൾപ്പടെയുള്ള നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും കെ. ജയന്തിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Leave a Reply

Powered by WordPress.com.

Up ↑