
തിരുവനന്തപുരം. കഴക്കൂട്ടം പാങ്ങപ്പാറയിൽ പതിനേഴുകാരന്റെ മൃതദേഹം ചാക്കിൽ കെട്ടി കരിയിലകൊണ്ട് മൂടിയ നിലയിൽ കണ്ടെത്തി. എൻജിനിയറിംഗ് കോളജിനു സമീപം ഭഗത് സിംഗ് നഗർ സ്വദേശിയായ ഇപ്പോൾ സംഗീത നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഭിറാമിന്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്. എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയായ അഭിറാമിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ശ്രീകാര്യം പൊലിസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച മൂന്ന് മണിയോടെ കൂട്ടുകാരൻ വിളിക്കുന്നു എന്ന് പറഞ്ഞ് അഭിരാം വീട്ടിൽ നിന്ന് പോയതാണെന്ന് പിതാവ് പറഞ്ഞു. രാത്രിയായപ്പോൾ അഭിരാമിനെ ഫോണിൽ വിളിച്ചിരുന്നു. ഉടൻ എത്തുമെന്നാണ് പറഞ്ഞത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ ശ്രീകാര്യം പോലീസിൽ പരാതി നൽകുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തും പ്ലസ് വൺ വിദ്യാർഥിയുമായ മറ്റൊരു 17കാരൻ, നിരവധി കേസുകളിൽ പ്രതിയായ ഒരാൾ, പെൺസുഹൃത്ത് എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഒരു പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് അഭിറാമിനെ വിളിച്ചുവരുത്തുകയും തുടർന്നുണ്ടായ വാക്കുതർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നുമാണ് സൂചന.

Leave a Reply