
വാണിയംപാറ. ദേശീയപാത വാണിയംപാറയിൽ അടിപ്പാത നിർമ്മാണം ആരംഭിച്ചത് ജനകീയ സമരത്തിന്റെ വിജയമാണെന്ന് കെ രാജൻ എം.എൽ.എ പറഞ്ഞു. നിർമ്മാണം ആരംഭിച്ച അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ച് ജനങ്ങളോട് സംസാരിക്കുകയായിരുന്നു എം.എൽ.എ. ഇന്നലെയാണ് ഔപചാരികമായി അടിപ്പാത നിർമ്മാണം ആരംഭിച്ചത്.
വാണിയംപാറയിൽ മേൽപ്പാത നിർമ്മിക്കുമ്പോൾ നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ നീളമെടുക്കാൻ ഏകപക്ഷീയമായി ദേശീയപാത അതോറിറ്റി തീരുമാനിക്കുകയായിരുന്നു. ഇത് ജനകീയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. ആശുപത്രിയും സ്കൂളും ആരാധനാലയങ്ങളും ഇരുവശത്തുമുള്ള വാണിയംപാറയിൽ അടിപ്പാത ഇല്ലാത്തത് മൂലം ആളുകൾക്ക് ഇരുവശത്തേക്കും കടക്കാൻ ആകില്ല എന്നുള്ളത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഇതിനെതിരായി വലിയ ജനകീയ സമരമാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്നത്.
പിന്നീട് എം.എൽ.എയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റുമാരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ അവിടെ അടിപ്പാത അനുവദിച്ചു തന്നില്ലെങ്കിൽ നിലവിലുള്ള മേൽപ്പാത നിർമ്മാണം പൂർണ്ണമായി തടസ്സപ്പെടുത്തുന്ന വിധം സമരപരിപാടികൾ ആരംഭിക്കും എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ തുടർന്നും ജനങ്ങൾ സമരം ചെയ്യുകയും സമ്മർദ്ദം ഉണ്ടാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിപ്പാത അനുവദിക്കാം എന്ന ധാരണയിലേക്ക് വരേണ്ടി വന്നത്. അതേ യോഗത്തിൽ തന്നെയാണ് ചുവന്നമണ്ണിൽ ആവശ്യമായിട്ടുള്ള ലൈറ്റുകൾ വേണമെന്ന് ജനകീയ സമരസമിതിയുടെ ആവശ്യത്തിലും തീരുമാനമെടുത്തതെന്ന് കെ. രാജൻ എംഎൽഎ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായിട്ടുള്ള അബൂബക്കർ, രാജി ഗരിജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എസ് അഖിൽ, പഞ്ചായത്ത് മെമ്പർ സനിൽ വാണിയമ്പാറ, ജനകീയ സമരസമിതി പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു.

Leave a Reply