30 വർഷം പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി തൃശൂർ സിറ്റി പോലീസിൻ്റെ പിടിയിൽ

തൃശ്ശൂർ. 1995-ൽ തൃശൂർ നഗരത്തെ നടുക്കിയ മാർത്ത കൊലക്കേസിലെ പ്രതികളിലൊരാളാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം പോലീസിന്റെ പിടിയിലായത്. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ കൃഷ്ണകുമാർ (18) ആണ് കൊല്ലം കുണ്ടറയിൽ നിന്ന് പിടിയിലായത്.

സ്വർണം അപഹരിക്കുന്നതിനായി നടത്തിയ കൊലപാതകക്കേസിൽ ചാലക്കുടി സ്വദേശി പ്രസാദ് (19), ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കൃഷ്ണകുമാർ (18) എന്നിവരായിരുന്നു പ്രതികൾ. കേസിൽ അറസ്റ്റിലായ കൃഷ്ണകുമാർ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ഒളിവിൽ പോവുകയായിരുന്നു.

വർഷങ്ങളായി ഇയാൾക്കായി അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഇതിനിടെ പേരിലും മറ്റ് വിവരങ്ങളിലും മാറ്റം വരുത്തി ഉത്തർപ്രദേശിലെ മീററ്റിൽ താമസിച്ചിരുന്നതായും പിന്നീട് കൊല്ലം സ്വദേശിനിയെ വിവാഹം കഴിച്ച് കുണ്ടറയിൽ താമസമാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.

കുണ്ടറയിൽ വെൽഡിങ് ജോലി ചെയ്ത് വ്യാജ മേൽവിലാസത്തിൽ കുടുംബത്തോടൊപ്പം കഴിഞ്ഞുവരികയായിരുന്ന പ്രതിയെ തൃശൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം തന്ത്രപൂർവം പിടികൂടുകയായിരുന്നു.

2025 ഒക്ടോബറിലും ഇയാളെ തേടി പോലീസ് മീററ്റിൽ എത്തിയിരുന്നു. ഒടുവിൽ നീണ്ട അന്വേഷണത്തിനൊടുവിൽ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള കേസിൽ നിർണായക വഴിത്തിരിവ്.

Leave a Reply

Powered by WordPress.com.

Up ↑