
പട്ടിക്കാട്. പീച്ചി വില്ലേജ് ഓഫീസിൽ ഓഫീസർ ഇല്ലാതെ ജനങ്ങൾ വലയാൻ തുടങ്ങിയതോടെ പ്രതിഷേധവുമായി ഇടതുപക്ഷ മെമ്പർമാർ രംഗത്തെത്തി. പഞ്ചായത്ത് അംഗങ്ങളായ സാവിത്രി സദാനന്ദൻ, പ്രശോഭ്, സുബ്രഹ്മണ്യൻ, ജിജി എം മാധവൻ, സനിൽ വാണിയംപാറ, സ്വപ്ന രാധാകൃഷ്ണൻ, സന്ധ്യ മനോജ് എന്നിവരാണ് പ്രതിഷേധവുമായി വില്ലേജ് ഓഫീസിൽ എത്തിയത്. എത്രയും പെട്ടെന്ന് പീച്ചി വില്ലേജ് ഓഫീസറെ നിയമിക്കുക, ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് മാസ് പെറ്റീഷൻ തയ്യാറാക്കി റവന്യു വകുപ്പുമന്ത്രി എ.പി അനിൽ കുമാറിന് ഇമെയിൽ സന്ദേശം അയച്ചു.
പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ രണ്ട് വില്ലേജ് ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. 141 ചതുരശ്ര കിലോമീറ്റർ പഞ്ചായത്തിൽ വിസ്തൃതിയും, 9 ആദിവാസി ഊരുകളും, 22 എസ്സി സങ്കേതങ്ങളും ഏകദേശം 55000 ജനസംഖ്യയുമാണുള്ളത്. പഞ്ചായത്തിൽ ജനസഖ്യാസൂത്രണത്തിന്റെ ഭാഗമായുള്ള പദ്ധതികൾ നടപ്പിലാക്കുന്ന ഘട്ടത്തിൽ വിവിധങ്ങളായ സർട്ടിഫിക്കറ്റുകൾക്കായി സാധാരണ ജനങ്ങൾ ആശ്രയിക്കുന്നത് വില്ലേജ് ഓഫീസുകളെയാണ്. ഒരു വില്ലേജ് ഓഫീസർക്ക് രണ്ടു വില്ലേജിന്റെ പണി ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ ജനങ്ങൾ രാവിലെ മുതൽ വില്ലേജിലെത്തി ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളതെന്ന് ഇടതുപക്ഷ മെമ്പർമാർ പറഞ്ഞു.
പീച്ചി വില്ലേജ് ഓഫീസറെ തൊട്ടപ്പുറത്തെ പഞ്ചായത്തിൽ നിയമിച്ചതിന്റെ ഭാഗമായാണ് ഇത്തരം ബുദ്ധിമുട്ടുകൾ ജനങ്ങൾ നേരിടേണ്ട സാഹചര്യമുണ്ടായത്. പീച്ചി ഓഫീസിലും പാണഞ്ചേരി ഓഫീസിലും ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.

Leave a Reply