കാർ തടഞ്ഞ് സ്വർണമാല കവർച്ച: മൂന്നുപേർ അറസ്റ്റിൽ

ഗുരുവായൂർ: മമ്മിയൂർ സെന്ററിൽ ഉച്ചസമയത്ത് കാർ തടഞ്ഞു നിർത്തി ഡ്രൈവറുടെ കഴുത്തിൽ കിടന്ന രണ്ടു പവന്റെ സ്വർണമാല കവർന്നകേസിൽ മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. ചാട്ടുകുളം പുളിയത്ത് ഗോപാലകൃഷ്ണൻ (47), വിയ്യൂർ താണിക്കുടം കൈപ്പുള്ളി ജയൻ(53), ആർത്താറ്റ് ചിറ്റഞ്ഞൂർ മുളക്കൽ നിഖിൽ കൃഷ്ണ(31) എന്നിവരെയാണ് ടെമ്പിൾ എസ്എച്ച്ഒ കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. ചക്കംകണ്ടം കറുത്തേടത്ത് നന്ദനാണ് ആക്രമണത്തിനിരയായത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മമ്മിയൂർ അത്താണി സെന്ററിലാണ് സംഭവം. പ്രതികൾ മമ്മിയൂരിലെ ബാറിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ തട്ടിയെന്നാരോപിച്ച് തടഞ്ഞുനിർത്തി. തുടർന്ന് ഡ്രൈവറെ മർദിച്ച് മാല കവർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലിസ് പറഞ്ഞു. മോഷണവുമായി ബന്ധപ്പെട്ട കോടതിയിലെ കേസ് കഴിഞ്ഞശേഷമാണ് ഇവർ മദ്യപിക്കാനായി ബാറിൽ എത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Leave a Reply

Powered by WordPress.com.

Up ↑