ഉന്നതവിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല: കെ രാജൻ

തൃശൂർ: ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ നിയന്ത്രണവും സാമൂഹിക ഉത്തരവാദിത്വവും അട്ടിമറിച്ച് സ്വകാര്യ കോളജ് മാനേജ്‌മെന്റുകൾക്ക് തോന്നിയപോലെ കോഴ്സുകളും സീറ്റുകളും വർധിപ്പിക്കാൻ അനുമതി നൽകുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ വിദ്യാഭ്യാസ മേഖലയോടുള്ള കടുത്ത വഞ്ചനയാണെന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് കെ രാജൻ.

2026 സെപ്റ്റംബർ 11ലെ സർക്കുലറിലെ അഞ്ചാം വ്യവസ്ഥ സർക്കാർ, എയ്ഡഡ്, ഓട്ടോണമസ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റുകൾ വർധിപ്പിക്കുന്നതിനും മുൻകൂർ സർക്കാർ അംഗീകാരം നിർബന്ധമാക്കിയിരുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും പ്രവേശനത്തിൽ നീതിയും സുതാര്യതയും നിലനിർത്താനും ലക്ഷ്യമിട്ട ഈ വ്യവസ്ഥയെ ഇപ്പോൾ അട്ടിമറിച്ചിരിക്കുകയാണ്. സർക്കാരിന്റെ തന്നെ ഉത്തരവിനെ സർക്കാർ തന്നെ ദുർബലപ്പെടുത്തുന്ന ഈ നടപടിക്ക് പിന്നിലെ താൽപര്യങ്ങൾ വ്യക്തമാക്കണം.
സ്വയംഭരണ എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ അൺഎയ്ഡഡ് കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റുകൾ വർധിപ്പിക്കുന്നതിനും സർക്കാർ നിരാക്ഷേപ പത്രം ആവശ്യമില്ലെന്ന ഇളവ് വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്നതാണ്. ആവശ്യകതാ പഠനമില്ല, മുൻകൂർ പരിശോധനയില്ല, പ്രവേശനത്തിനു മുമ്പുള്ള നിയന്ത്രണങ്ങളില്ല! വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന അക്കാദമിക തീരുമാനങ്ങൾ മാനേജ്‌മെന്റുകളുടെ ലാഭക്കണക്കുകൾക്ക് വിട്ടുകൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


സെപ്റ്റംബർ 11ലെ സർക്കുലറിലെ വ്യവസ്ഥകൾ അട്ടിമറിച്ച് പുതിയ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ സാഹചര്യം സമഗ്രമായി പരിശോധിക്കണം. സർക്കുലർ അടിയന്തരമായി പിൻവലിക്കണം. സർക്കാർ അംഗീകാരവും മുൻകൂർ പരിശോധനയും സുതാര്യമായ പ്രവേശനക്രമവും പുനഃസ്ഥാപിക്കണം. ഉന്നതവിദ്യാഭ്യാസത്തെ സ്വകാര്യ ലാഭത്തിന്റെ ഉപാധിയാക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കും. വിദ്യാർത്ഥികളുടെ പഠനാവകാശവും സാമൂഹികനീതിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുമെന്നും കെ രാജൻ പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑