വാഴക്കുലയ്ക്കുള്ളില്‍ എംഡിഎംഎ; ബെംഗളൂരുവില്‍ നിന്നുള്ള ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

കൊച്ചി. വാഴക്കുലകള്‍ക്കുള്ളില്‍ ലഹരിമരുന്ന് ഒളിപ്പിച്ച്‌ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വൻതോതില്‍ എംഡിഎംഎ എത്തിച്ച്‌ വിതരണം ചെയ്തിരുന്ന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയില്‍.

ഹരിപ്പാട് പായിപ്പാട് വയ്യാപുരം വില്ലേജ് പറയ്യില്‍ വീട്ടില്‍ ‘ഡാനി’ എന്നുവിളിക്കുന്ന ധനേഷ് എസ്. നായർ (31) ആണ് ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വാഴക്കുലകള്‍ക്കുള്ളില്‍ ലഹരിമരുന്ന് പൊതിഞ്ഞ് ഒളിപ്പിക്കുന്നതടക്കമുള്ള കടത്തുരീതികള്‍ വ്യക്തമാക്കുന്ന വീഡിയോകളും മറ്റ് ദൃശ്യങ്ങളും പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ആലുവയില്‍ 185 ഗ്രാം എംഡിഎംഎയുമായി ഇന്നലെ അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് വിതരണശൃംഖലയിലെ പ്രധാന കണ്ണിയായ ധനേഷിനെക്കുറിച്ച്‌ വിവരം ലഭിച്ചത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിലും കർണാടകയിലും അന്വേഷണം വ്യാപിപ്പിച്ചു.

അന്വേഷണത്തിനൊടുവില്‍ അങ്കമാലിയില്‍വച്ചാണ് ധനേഷിനെ പിടികൂടിയത്. ഇയാളില്‍നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വൻതോതില്‍ എംഡിഎംഎ എത്തിച്ച്‌ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ധനേഷെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑