പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

കൊച്ചി. പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ (57) അന്തരിച്ചു. കൊച്ചിയില്‍ ആയിരുന്നു അന്ത്യം. സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചയാണ് മരിച്ചത്. പുലിമുരുകന്‍, നരന്‍, ഒടിയന്‍ തുടങ്ങി അമ്പതിലധികം സിനിമകളുടെ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചു.

മാസ് ആക്ഷന്‍ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജി കുമാര്‍. മോളിവുഡിന് പുറമേ, കോളിവുഡും പ്രവര്‍ത്തനമേഖലയായിരുന്നു. ഹിന്ദി ചിത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടായി മലയാള സിനിമയില്‍ സജീവമായിരുന്നു. 2016ല്‍ റിലീസ് ചെയ്ത പുലിമുരുകന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനില്‍ ബാബു എന്നീ സംവിധായര്‍ക്കൊപ്പം കൂടുതലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിനിമകളെ വലുപ്പ ചെറുപ്പമില്ലാതെ കാണുന്ന ഛായാഗ്രാഹകനായിരുന്നു ഷാജി കുമാര്‍. ഉത്തമന്‍, പകല്‍പ്പൂരം, പട്ടണത്തില്‍ സുന്ദരന്‍, നസ്രാണി, റോബിന്‍ഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റര്‍, മല്ലു സിങ്, രാമലീല, പത്തൊന്‍പതാം നൂറ്റാണ്ട്, ബാന്ദ്ര, കാഥികന്‍, തുടരും എന്നിങ്ങനെ നീളുന്നു സിനിമകളുടെ പട്ടിക. റിലീസിന് ഒരുങ്ങുന്ന അതിമനോഹരം, ഒറ്റക്കൊമ്പന്‍ എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെ എട്ടുമണിയോടെ സുഹൃത്തിന്റെ ഫ്‌ലാറ്റിലേക്ക് മൃതദേഹം എത്തിക്കും.

Leave a Reply

Powered by WordPress.com.

Up ↑