
മണ്ണുത്തി. കാർഷിക സർവ്വകലാശാലയിലെ ജീവനക്കാരെയും പെൻഷൻകാരെയും ഇടതുപക്ഷ സർക്കാർ വഴിയാധാരമാക്കുന്നു എന്ന് ആരോപിച്ച് യു.ഡി.എഫ് അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പസുകളിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
പെൻഷൻകാരുടെ 70 കോടി രൂപയുടെ കമ്മ്യൂട്ടേഷൻ കുടിശ്ശികയ്ക്ക് പകരം തുച്ഛമായ തുക മാത്രം അനുവദിച്ച സർക്കാർ, അതിനായി സർവ്വകലാശാലയുടെ ശമ്പള-പെൻഷൻ ഫണ്ടിൽ നിന്നും 15 കോടി രൂപ വകമാറ്റി നൽകിയത് ഇപ്പോൾ വലിയ തിരിച്ചടിയായിരിക്കുകയാണ്. മേലിൽ അഡീഷണൽ ഗ്രാൻഡ് നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ, ഫെബ്രുവരി മാസത്തെ ശമ്പളം നൽകാൻ 15 കോടി രൂപയുടെ കുറവാണ് സർവ്വകലാശാല നേരിടുന്നത്. ശമ്പള വിതരണത്തിന് 35 കോടി രൂപ ആവശ്യമായിടത്ത് നിലവിൽ 20 കോടി രൂപ മാത്രമേ ലഭ്യമായുള്ളൂ എന്ന പ്രതിസന്ധി നിലനിൽക്കെ, വിഷയത്തിൽ കൃഷിമന്ത്രിയോ റവന്യൂ മന്ത്രിയോ ഇടപെടാൻ തയ്യാറാകാത്തത് ജീവനക്കാരെയും പെൻഷൻകാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. നിലവിൽ സർക്കാർ ഫണ്ട് അനുവദിച്ചാൽ പോലും പത്താം തീയതിക്ക് ശേഷം മാത്രമേ ശമ്പളം ലഭിക്കുകയുള്ളൂ എന്ന അവസ്ഥയാണ്. ജീവനക്കാരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സർക്കാരിന്റെ തന്ത്രത്തിനെതിരെ സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വിവിധ ക്യാമ്പസുകളിൽ നടന്ന പ്രതിഷേധങ്ങൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ കോശി, പ്രസിഡന്റ് ദീപേഷ് പി.കെ, ജനറൽ കൗൺസിൽ അംഗം ജയകുമാർ കെ.എസ്, സംസ്ഥാന ഭാരവാഹികളായ ഷിബു സി.എ, ഗോഡ്വിൻ, ബിജോയ് ബാലകൃഷ്ണൻ, സിയാഹുൽ ഹഖ് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.
തടഞ്ഞുവെച്ചിരിക്കുന്ന 28.6 മാസത്തെ ഡി.എ കുടിശ്ശിക അനുവദിക്കുക, 3 ശതമാനം, 10 ശതമാനം ഡി.എ ഉത്തരവുകൾ ഉടൻ നടപ്പിലാക്കുക, ഒന്നരവർഷം വൈകിയ ശമ്പളപരിഷ്‌കരണ നടപടികൾ ത്വരിതപ്പെടുത്തുക, അഞ്ചുവർഷമായി നിഷേധിക്കുന്ന സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

Leave a Reply