തൃശൂരിൽ മുക്കുപണ്ടം പണയം വെച്ച് 3 ലക്ഷം തട്ടിയ പ്രതി പിടിയിൽ

തൃശൂർ. രണ്ടു സ്ഥാപനങ്ങളിലായി മുക്ക് ആഭരണം പണയം വച്ച് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. അവിണിശ്ശേരി സ്വദേശിയായ കുറുവത്ത് വീട്ടിൽ ഉരുക്ക് എന്ന് വിളിക്കുന്ന ശ്രീജിത്ത് (44) ആണ് ഒല്ലൂർ പോലീസിന്റെ പിടിയിലായത്.

മാർച്ച് 4നാണ് സംഭവം ഉണ്ടായത്. ഒല്ലൂരിലെ ചെറുകുന്ന് ഫൈനാൻസ് എന്ന സ്ഥാപനത്തിൽ നിന്നും സ്വർണ്ണമാലയെന്ന് തെറ്റിദ്ധരിപ്പിച്ച് 20.500 ഗ്രാം തൂക്കം വരുന്ന മുക്കുമാല പണയം വച്ച് ഇയാൾ ഒരു ലക്ഷം രൂപ വാങ്ങി. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പുത്തൂർ സെന്ററിലുള്ള കല്ലൂർ ചിറ്റ്‌സ് ആന്റ് ഫൈനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ 23.400ഗ്രാം തൂക്കം വരുന്ന മുക്കുമാല പണയം വച്ച് ഫെബ്രുവരി മുതൽ പല ദിവസങ്ങളിലായി രണ്ട് ലക്ഷം രൂപ വാങ്ങിയതായും കണ്ടെത്തി.

തുടർന്ന് ഒല്ലൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോവളത്തുനിന്നും പിടികൂടുകയായിരുന്നു. നെടുപുഴ, ഒല്ലൂർ ടൗൺ ഈസ്റ്റ്, ചേർപ്പ്, പുതുനഗരം എന്നീ പോലീസ് സ്‌റ്റേഷനുകളിലായി 21 ഓളം കേസുകൾ ഇയാൽക്കെതിരെ നിലവിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading