
തൃശൂർ. സുഹൃത്തിനോടുള്ള വൈരാഗ്യത്തിൽ സുഹൃത്തിന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും, മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കിള്ളന്നൂർ വില്ലേജ് കെൽട്രോൺ കോളനിയിൽ താമസിക്കുന്ന തൊമ്മാന വിൻസെന്റിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മകൻ വിബിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച വിബിന്റെ പിതാവ് തൊമ്മാന വിൻസെന്റ് (53) നെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്നും രണ്ടും പ്രതികളായ ഒല്ലൂർ പടവരാട് കരിവെച്ചൻകുഴി ജോസ്മണി മകൻ സിജോ എന്ന കുയിലൻ സിജോ (37) എടക്കുന്നി പനയംപാടം അത്താണിക്കുഴിയിൽ ഗോപി മകൻ നിശാന്ത് (39) എന്നിവരെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ ആന്റ് സെഷൻസ് കോടതി ജഡ്ജ് ശിക്ഷിച്ചത്. നാല്, അഞ്ച് പ്രതികളായ നെൻമണിക്കര മണപ്പറമ്പിൽ വീട്ടിൽ പ്രേംകുമാർ മകൻ സതീഷ് (41) നെൻമണിക്കര കിഴക്കുംപുറം ജയൻ മകൻ അനൂപ് എന്ന അഖിൽ (34) എന്നിവരെ ഒരു വർഷം തടവിനും പതിനായിരം രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചു.
2013 മെയ് 26ന് രാത്രി 8.45ന് കിള്ളന്നൂർ കെൽട്രോൺ കോളനിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട വിൻസെന്റിന്റെ മകൻ വിബിൻ പ്രതിയായ കേസിൽ വിബിന് ജാമ്യം ലഭിക്കുന്നതിന് വേണ്ടി കേസിലെ മൂന്നാം പ്രതിയായ നിഖിലിൻെറ പിതാവടക്കം രണ്ടു പേർ ബോണ്ട് നൽകിയിരുന്നു. എന്നാൽ വിബിൻ കോടതിയിൽ ഹാജരാകാതെ വന്നതിനാൽ ബോണ്ട് നൽകിയവർക്കെതിരെ കോടതിയിൽ നിന്നും പിഴ ചുമത്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്താലാണ് വിബിനെ പ്രതികൾ ആക്രമിച്ചു കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സിജോ എന്ന കുയിലൻ സിജോയുടെ നേതൃത്വത്തിൽ 7 പ്രതികൾ എത്തിയത്. എന്നാൽ വിബിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ പിതാവായ വിൻസെന്റും, മാതാവും, സഹോദരിയും തടയാൻ ശ്രമിച്ചിരുന്നു. അതിനിടയിലാണ് സിജോ കത്തി കൊണ്ട് വിൻസെന്റിനെ കുത്തി കൊലപ്പെടുത്തിയത്.

Leave a Reply