
പട്ടിക്കാട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി- പട്ടികവർഗ്ഗ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന അക്ഷരോന്നതി പദ്ധതിയുടെ പുസ്തക വിതരണം സംഘടിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മണിയൻ കിണർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായി.
ജില്ലയിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ വായന സംസ്കാരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ‘അക്ഷരോന്നതി’ പദ്ധതി നടപ്പിലാക്കുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്കായി ഉന്നതികളിലും പഠനമുറികളിലും ഹോസ്റ്റലുകളിലും വായനാ സൗകര്യങ്ങളുടെയും പുസ്തകങ്ങളുടെയും ലഭ്യതക്കുറവ് പരിഹരിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമാണ് അക്ഷരോന്നതി സംഘടിപ്പിക്കുന്നത്.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ആർ സനിൽ, സാവിത്രി സദാനന്ദൻ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ ഇൻചാർജ് എസ് അരുൺ, ട്രൈബൽ ഓഫീസർ പ്രദീപ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. ആർ ലൗലി, തൃശൂർ തഹസിൽദാർ സന്ധ്യ, മണിയൻ കിണർ ഊര് മൂപ്പൻ കുട്ടൻ, ആർജിഎസ്എ പ്രൊജക്റ്റ് മാനേജർ ശ്രുതി എസ് ശിവൻ, കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് ഓഫീസർ, വിവിധ ബ്ലോക്കുകളിലെ ആർജിഎസ്എ കോർഡിനേറ്റർമാർ തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് പഠനോത്സവത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടർ താമരവെള്ളച്ചാൽ ഉന്നതിയിലെ സാമൂഹ്യ പഠനമുറിയും സന്ദർശിച്ചു.

Leave a Reply