
പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ എടപ്പലം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സാ സൗകര്യം ആരംഭിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവും കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.സി അഭിലാഷിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.
എടപ്പലം കുടുംബാരോഗ്യ കേന്ദ്രം പ്രദേശവാസികളുടെ പ്രധാന ആശ്രയ കേന്ദ്രമാണ്. ഒരു നിയോജകമണ്ഡലത്തിന്റെ വലിപ്പമുള്ള പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി ആളുകൾ ദിവസേന ചികിത്സയ്ക്കായി ഈ സ്ഥാപനത്തെ ആശ്രയിക്കുന്നുണ്ട്. എന്നാൽ നിലവിൽ ഇവിടെ കിടത്തി ചികിത്സയ്ക്കുള്ള കെട്ടിടങ്ങൾ ഉണ്ടെങ്കിലും മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അടിയന്തര ചികിത്സയും തുടർപരിചരണവും ആവശ്യമായി വരുന്ന രോഗികൾക്ക് മറ്റ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ പാണഞ്ചേരിയിൽ ഒരു സർക്കാർ ആശുപത്രിയിലും കിടത്തി ചികിത്സാ സംവിധാനം ഇല്ല എന്നത് ഖേദകരമാണ്. ഒളകര, മണിയൻകിണർ, താമരവെള്ളച്ചാൽ, പൂവൻചിറ തുടങ്ങിയ നിരവധി ആദിവാസി ഉന്നതികൾ, നിരവധി പട്ടികജാതി ഉന്നതികൾ എന്നിവയും ഈ പഞ്ചായത്തിൽ ഉണ്ട്. പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും അപകടങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും കിടത്തി ചികിത്സാ സൗകര്യത്തിന്റെ അഭാവം വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. സാധാരണ രോഗാവസ്ഥകളിൽ പോലും ദൂരെയുള്ള ആശുപത്രികളിലേക്ക് പോകേണ്ടി വരുന്നത് രോഗികൾക്കും കുടുംബങ്ങൾക്കും സാമ്പത്തികവും ശാരീരികവുമായ പ്രയാസങ്ങൾ ഉണ്ടാക്കുന്നു. ആയതിനാൽ, എടപ്പലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരെയും ഒരുക്കി കിടത്തി ചികിത്സാ വിഭാഗം ആരംഭിക്കുന്നതിനും അതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിനും സത്വര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കെ.സി അഭിലാഷിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയത്.
2002-2006 കാലഘട്ടത്തിൽ പി ശങ്കരൻ ആരോഗ്യമന്ത്രി ആയിരിക്കുമ്പോൾ മുൻപഞ്ചായത്ത് പ്രസിഡന്റ് പി.വി പത്രോസിന്റെ നേതൃത്വത്തിൽ കിടത്തി ചികിത്സാ സംവിധാനത്തിന് വേണ്ട പ്രാരംഭ നടപടികൾ പൂർത്തീകരിക്കുകയും തുടക്കം കുറിക്കുകയും ചെയ്തിരുന്നു എന്നാൽ പിന്നീട് വന്ന പഞ്ചായത്ത് ഭരണസമിതി തുടർ പ്രവർത്തനങ്ങൾക്ക് വേണ്ട നടപടികൾ കൈകൊണ്ടില്ല എന്ന് മാത്രമല്ല പദ്ധതിയെ ഇല്ലാതാക്കുകയും ചെയ്‌തെന്ന് കെ.സി അഭിലാഷ് ആരോപിച്ചു.
കോൺഗ്രസ് നേതാക്കളായ മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ്, ഐഎൻടിയുസി നിർമ്മാണ തൊഴിലാളി ജില്ലാ പ്രസിഡന്റ് പി ജി ബേബി, മുൻ പഞ്ചായത്തംഗം പി സി അജി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സജി താണിക്കൽ, റെജി ജേക്കബ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിബിൻ വടക്കൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply