
പീച്ചി. വൺ മില്യൺ തൂഫാൻ ഗോളുകൾ അറ്റ് വേൾഡ് കപ്പ് 2026 (കേരളം) ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി പീച്ചി ഗവ എൽപി സ്‌കൂളിൽ ഫുട്‌ബോൾ കാമ്പയിൻ നടത്തി. വിദ്യാഭ്യാസം, കായികം, സാങ്കേതികവിദ്യ, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവ സമന്വയിപ്പിച്ചുള്ള ഒരു സമഗ്ര മുന്നേറ്റമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക എന്ന സന്ദേശം ഉയർത്തുന്ന ഈ കാമ്പയിൻ കേരളത്തിലെ വിദ്യാലയങ്ങളിൽ രൂപപ്പെടുന്ന ഒരു പുതിയ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റമായി മാറുന്നു. സ്‌കൂൾ പ്രധാനാധ്യാപിക കെ.ജെ ടെസ്സി ഗോളടിച്ച് കാമ്പയിന് തുടക്കം കുറിച്ചു. എൽകെജി മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു സ്റ്റാഫുകൾ, രക്ഷിതാക്കൾ എന്നിവർ ഗോളുകളടിച്ചു. വിവിധ ഫുട്‌ബോൾ ജേഴ്‌സികൾ ധരിച്ച്, വിവിധ രാജ്യങ്ങളുടെ കൊടികൾ പിടിച്ച് റാലിയിൽ പങ്കെടുത്തത് നയന മനോഹരമായ കാഴ്ചയായിരുന്നു. കുട്ടികളുടെ നൃത്തചുവടുകൾ മനസ്സുകളെ കീഴടക്കി. ഇതിലൂടെ സ്‌കൂളിൽ ലോകകപ്പ് ഫുട്‌ബോളിന്റെ പ്രതീതിയുളവാക്കാൻ സാധിച്ചു.

Leave a Reply