
പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്‌സൽ വഴി ഏഴു കിലോ കഞ്ചാവ് മേഘാലയയിൽനിന്നു വരുത്തിയ പ്രതി പിടിയിൽ. പാലക്കാട് പുത്തൂരിൽ വാടകവീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്ന കൊല്ലങ്കോട് താടനാര ഗ്രാമണി സ്വദേശി ജിജിറ്റ് (19) ആണ് പിടിയിലായത്.
എക്‌സൈസ് ഉദ്യോഗസ്ഥർ ഇന്നലെ പുലർച്ചെ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പുലർച്ചെ വീട് പരിശോധിക്കാനെത്തിയപ്പോൾ രണ്ടു വീടുകളിലുമായി ഇരുപതോളം നായകളെ തുറന്നുവിട്ട അവസ്ഥയിലായിരുന്നു. സാഹസികമായി നായകൾക്ക് ബിസ്‌കറ്റും മറ്റും നൽകി ശ്രദ്ധതിരിച്ച ശേഷമാണ് എക്‌സൈസ് സംഘം അകത്തു പ്രവേശിച്ചത്.
ഇതിനിടയിൽ പ്രതി ടെറസ് വഴി ചാടിരക്ഷപ്പെടാനും ശ്രമം നടത്തി. പ്രതിയിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മേഘാലയയിൽ നിന്ന് കഞ്ചാവ് അയച്ചവരെക്കുറിച്ചും പ്രതികൾക്കു സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply