വന്യജീവി ആക്രമണത്തിൽ ശാശ്വത പരിഹാരം കാണണം; വനംവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്

പീച്ചി. വന്യജീവി ആക്രമണത്തിൽ മലയോര മേഖലയിൽ ജനങ്ങളും കർഷകരും ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഒല്ലർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് നിവേദനം നൽകി. മുൻകാലങ്ങളിൽ പന്നി, മാൻ, മയിൽ, മലയണ്ണാൻ, കുരങ്ങ് തുടങ്ങിയവ മാത്രമായിരുന്നു കർഷകർക്ക് ഭീഷണി. ഇപ്പോൾ കാട്ടാന, പുലി, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം കൂടി നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

പരിഷ്‌കൃത രാജ്യങ്ങൾ എല്ലാം വന്യമൃഗങ്ങളുടെ സംഖ്യ നിയന്ത്രിക്കുക എന്നൊരു സമ്പ്രദായം നിലവിലുണ്ട്. വന്യമൃഗങ്ങളെ കൂടുതലായി കാണുന്ന പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തിലേക്ക് മാറ്റുന്നതും, നിയന്ത്രിതമായ തോതിൽ വേട്ടയാടുക, അനിയന്ത്രിതമായി പെരുകുന്ന ജീവികളെ ഭക്ഷിക്കുന്ന മറ്റ് മൃഗങ്ങളെ അവിടെ വിന്യസിപ്പിക്കുക തുടങ്ങിയ രീതികളാണ് അവർ അവലംബിക്കുന്നത്. നിർഭാഗ്യവശാൽ വന്യജീവി ശല്യം ഏറ്റവും നേരിടുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നതിന് നമുക്ക് കഴിയാത്ത രീതിയിലാണ് കൺകറന്റ് ലിസ്റ്റ് ഉൾപ്പെടെയുള്ള ദേശീയ നയങ്ങൾ.

വന്യജീവികൾ മനുഷ്യവാസ മേഖലയിൽ പ്രവേശിക്കുവാൻ സാധ്യമല്ലാത്ത രീതിയിൽ കിടങ്ങുകൾ കുഴിച്ചും, സൗരോർജ വേദികൾ സ്ഥാപിച്ചും, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന തൂക്കുവേലുകൾ സ്ഥാപിച്ചും മനുഷ്യ വന്യജീവി സംഘർഷ മേഖലയിൽ ആവശ്യമായ രീതിയിൽ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചും ഇത്തരം കാര്യങ്ങൾക്ക് ശാശ്വത പരിഹാരം കാണണം. എന്നാൽ മുൻ സർക്കാരിന്റെ കാലത്ത് വേണ്ട നടപടികൾ സ്വീകരിച്ചില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് നിവേദനം നൽകിയത്. യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി പാണഞ്ചേരി, പുത്തൂർ, മാടക്കത്തറ, ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ ഒല്ലൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ മലയോര മേഖലയിലും വന്യജീവി ശല്യം നിയന്ത്രിക്കുവാൻ ആവശ്യമായ ശാശ്വത പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്നും, വനംമന്ത്രി സ്ഥലം സന്ദർശിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

പ്രശ്‌നത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് അൽജോ ചാണ്ടി, വൈസ് പ്രസിഡന്റ് ഷൈജു കുരിയൻ, ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി കാവ്യ രഞ്ജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി  റെജിൻ ജോർജ്, മണ്ഡലം പ്രസിഡന്റുമാരായ ജിഫിൻ ജോയ്, നോബിൻ തച്ചേലിക്കര, ഉണ്ണി കെച്ചുപുരക്കൽ, സുമേഷ്, സമീഷ്, ധനീഷ്, ബിനോയ് പഠിക്കല എന്നിവർ അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading