
തൃശൂർ. മണലൂർ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.എ മാധവൻ അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് (ബുധനാഴ്ച) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മുണ്ടൂർ കൈപ്പറമ്പിലെ വസതിയിലേക്ക് കൊണ്ടുപോകും.
2011-2016 കാലയളവിൽ മണലൂർ നിയോജക മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കെപിസിസി നിർവാഹക സമിതി അംഗമാണ്. തൃശൂർ ഡിസിസി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിൽ കോൺഗ്രസിന്റെയും തൊഴിലാളി സംഘടനകളുടെയും വളർച്ചയിൽ നിർണായ പങ്കുവഹിച്ചിട്ടുണ്ട്. കോൺഗ്രസിന്റയും പോഷക സംഘടനകളുടെയും വളർച്ചയ്ക്കും മുന്നേറ്റത്തിനും കരുത്തോടെ നേതൃത്വം വഹിച്ച നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അനുശോചിച്ചു.
സംസ്‌കാരം പിന്നീട്. ഭാര്യ: സാവിത്രി മാധവൻ. മക്കൾ: സമോദ് മാധവൻ, സമീർ മാധവൻ. മരുമക്കൾ: ഹർഷ സമോദ്, ഐശ്വര്യ ലക്ഷ്മി.

Leave a Reply