ഓപ്പറേഷൻ തൂഫാൻ വാഹന പരിശോധനയ്ക്കിടെ ആക്രമണം; സൈനികൻ പ്രധാന പ്രതി

പാലക്കാട്: ഓപ്പറേഷൻ തുഫാന്റെ ഭാഗമായുള്ള വാഹനപരിശോധനയ്ക്കിടെ വനിതാ എസ്‌ഐ ഉൾപ്പെടെയുള്ളവർക്കു നേരെ നടന്ന ആക്രമണത്തിൽ പ്രധാന പ്രതി സൈനികൻ. ലീവിനു നാട്ടിലെത്തിയ സൈനികനും മണ്ണാർക്കാട് കാഞ്ഞിരപ്പുഴ തൃക്കളൂർ സ്വദേശിയുമായ ജിനേഷ് ആണ് മുഖ്യപ്രതി. ഇയാൾക്കൊപ്പം സുഹൃത്തുക്കളായ തൃക്കാളൂർ സ്വദേശികളായ രഞ്ജിത്ത്, അനീഷ്, അരിയൂർ സ്വദേശി പ്രവീൺ എന്നിവരാണു പിടിയിലായത്.

പയറ്റാംകുന്നം പഴമ്പുള്ളിയിൽ ഇന്നലെ വൈകിട്ട് 6.15നായിരുന്നു സംഭവം. രണ്ട് എസ്‌ഐമാർ ഉൾപ്പെടെ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ലഹരി കടത്തു തടയുന്നതിന്റെ ഭാഗമായി വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ കാറിലെത്തിയ പ്രതികൾ പരിശോധന ചോദ്യം ചെയ്ത് പൊലീസിനെ ആക്രമിക്കുകയായിരുന്നു. വാഹനം കൈകാട്ടി നിർത്തിച്ചു പരിശോധന നടത്തിയ ജോൺ സേവ്യറിനെയാണ് ആദ്യം ആക്രമിച്ചത്. പിൻസീറ്റിൽ ഇരിക്കുകയായിരുന്ന ജിനേഷ് ഇദ്ദേഹത്തിന്റെ മുഖത്തടിച്ചു. കണ്ണട അടിച്ചു പൊട്ടിച്ചു. തടയാൻ ചെന്നപ്പോഴാണു വനിതാ എസ്‌ഐ ഉൾപ്പെടെയുള്ളവർക്കു നേരെ ആക്രമണമുണ്ടായത്.

പ്രതികൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരെ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ ജോലി തടസ്സപ്പെടുത്തിയതിനും വനിതാ എസ്‌ഐ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു പരുക്കേൽപിച്ചതിനും അസഭ്യം പറഞ്ഞതിനുമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading