
മാന്ദാമംഗലം. വെള്ളക്കാരിത്തടം മാന്ദാമംഗലം മേഖലയിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ എംഎൽഎ കെ രാജന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെയും സമരസമിതിയുടെയും യോഗം ചേർന്നു.
മാന്ദാമംഗലം കേന്ദ്രീകരിച്ച് അടുത്ത ഒരു മാസം ആർ.ആർ.ടി.യുടെ പ്രവർത്തനം പൂർണ്ണമായും നടപ്പാക്കും. വെള്ളക്കാരിത്തടം വായനശാല കേന്ദ്രീകരിച്ചായിരിക്കും റാപ്പിഡ് റെസ്‌പോൺസ് ടീം സർവ്വ സന്നാഹങ്ങളോടും കൂടി പ്രവർത്തനം ആരംഭിക്കുക. ആറ് ഉദ്യോഗസ്ഥരും ജീപ്പും ആവശ്യമായ ഉപകരണങ്ങളും ഉൾപ്പെടെയാണ് ആർ.ആർ.ടി. ടീമിനെ വിന്യസിക്കാൻ നിശ്ചയിച്ചിട്ടുള്ളത്. ആനകൾ കടന്നുവരുന്ന നാല് കേന്ദ്രങ്ങളിൽ 30 മീറ്റർ അപ്പുറത്തുനിന്നുതന്നെ ആനയുടെ സാന്നിധ്യം അറിയിക്കാൻ കഴിയുന്ന സെൻസർ അലാറം സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. ഇതിന്റെ അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കും
പ്രാദേശികമായി വളന്റിയർമാരെ കേന്ദ്രീകരിച്ചിട്ടുള്ള പി.ആർ.ടി.് (PRT) 21 അംഗങ്ങൾ അടങ്ങുന്ന സ്‌ക്വാഡിന് ചൊവ്വാഴ്ച ട്രെയിനിങ് ആരംഭിക്കും. തുടർന്ന് ഇവർക്കാവശ്യമായിട്ടുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും. 30 സോളാർ ലൈറ്റുകൾ ഏറ്റവും പെട്ടെന്ന് അനർട്ടിന്റെ (ANERT) സഹായത്തോടെ പ്രദേശങ്ങളിൽ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമെടുത്തു. കൂടാതെ ഫെൻസിങ് വളരെ ശക്തമാക്കാനും ബാറ്ററികൾ മാറ്റി സ്ഥാപിക്കാനുമുള്ള നടപടിക്രമങ്ങളും യോഗത്തിൽ തീരുമാനമായി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, സമരസമിതി കൺവീനർ, ചെയർമാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply