
ഗുരുവായൂർ: ക്ഷേത്രത്തിൽ തൃപ്പുത്തരി നാളെ ആഘോഷിക്കും. പുതിയ നെല്ല് കുത്തിയുണ്ടാക്കിയ അരി ഉപയോഗിച്ച് തയാറാക്കുന്ന പായസം ഗുരുവായൂരപ്പന് നിവേദിക്കുന്നതാണ് ചടങ്ങ്. ആയിരത്തി ഇരുനൂറിലേറെ ലിറ്റർ പുത്തരിപ്പായസം ഉച്ചപൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിക്കും. ഇത് പിന്നീട് ഭക്തർക്ക് വിതരണം ചെയ്യും.
പുത്തരിപ്പായസം ശീട്ടാകുന്നതിനായി നാളെ വൈകിട്ട് നാലു മുതൽ പ്രത്യേക വഴിപാട് കൗണ്ടർ തുറക്കും. അരലിറ്റർ പായസത്തിന് 120 രൂപയാണ് വഴിപാട് നിരക്ക്. ഒരു ഭക്തന് പരമാവധി അര ലിറ്റർ പായസം മാത്രമാണ് നൽകുക. 13 കീഴ്ശാന്തി ഇല്ലങ്ങളിൽ നിന്നുള്ള നൂറോളം കീഴ്ശാന്തിമാരാണ് പായസം തയാറാക്കുക. ഉച്ചപൂജയ്ക്ക് പുത്തരി പായസത്തോടൊപ്പം ഉപ്പുമാങ്ങ, പത്തിലക്കറി, പുത്തരിച്ചുണ്ട ഉപ്പേരി, പഴംനുറുക്ക്, അപ്പം തുടങ്ങിയ വിശേഷ വിഭവങ്ങളും നിവേദിക്കും. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടാണ് ഉച്ചപ്പൂജ നിർവഹിക്കുക. പൂജ കഴിഞ്ഞയുടനെ പുത്തരി നിവേദ്യം പരിവാരദേവതകൾക്ക് അർപ്പിക്കാൻ ശീവേലിയുമുണ്ടാകും.

Leave a Reply