
തൃശൂർ: തമിഴ്‌നാട്ടിൽ നിന്നു സിമെന്റ് കയറ്റിയ ലോറിയുമായി വരുമ്പോൾ നെഞ്ചുവേദനയെ തുടർന്ന് അവശനായ ഡ്രൈവർക്കു രക്ഷകരായി നെടുപുഴ പൊലിസ്. തിരുവല്ല സ്വദേശിയായ ഡ്രൈവർ കുരുവിള (62) യെയാണു പൊലിസ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ആനക്കല്ലിൽ വച്ചാണു സംഭവം. തൃശൂരിൽ എത്തുന്നതിന് മുൻപ് നെഞ്ചുവേദന തോന്നിയെങ്കിലും കുരുവിള വാഹനം ഓടിക്കുകയായിരുന്നു. ആനക്കല്ലിലെത്തിയപ്പോൾ വേദന സഹിക്കാൻ കഴിയാതെ വാഹനം നിർത്തി പുറത്തിറങ്ങി നെഞ്ചുപൊത്തിപ്പിടിച്ചു റോഡിലിരുന്നു. നെടുപുഴ പൊലിസ് നൈറ്റ് പട്രോളിംഗിനിടെ അതുവഴിയെത്തിയപ്പോൾ കൈ കാട്ടിനിർത്തി. ഉടൻ പട്രോളിംഗ് വാഹനത്തിൽതന്നെ അടു ത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പരിശോധനയിൽ ഹാർട്ട് അറ്റാക്കിന്റെ ലക്ഷണം കണ്ടതോടെ ഡോക്ടറുടെ നിർദേശപ്രകാരം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും എത്തിച്ചു. തുടർന്ന് കുരുവിളയുടെ തിരുവല്ലയിലുള്ള വീട്ടുകാരെ വിവരം അറിയിക്കുകയും അവർ വലപ്പാടുള്ള ബന്ധുക്കളെ അറിയിക്കുകയും ബന്ധുക്കൾ ആശുപത്രിയിലെത്തുകയും ചെയ്തു. കുരുവിളയെ ഐസിയുവിൽ നിന്ന് ഉടൻ വാർഡിലേക്കു മാറ്റുമെന്നും സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കൾ അറിയിച്ചതായി പൊലിസ് പറഞ്ഞു. എസ്‌ഐ എം.പി. സന്തോഷ്‌കുമാർ, എസ്‌സിപിഒ ബിജീന്ദ്രൻ, ഹോം ഗാർഡ് സുനിൽകുമാർ എന്നിവർ ചേർന്നാണു കരുവിളയെ ആശുപത്രിയിൽ എത്തിച്ചത്.

Leave a Reply